താമരശ്ശേരി ചുരം: മണ്ണിടിച്ചില്‍ മുൻകൂട്ടി കണ്ടെത്താൻ സംവിധാനം
text_fieldsതാമരശ്ശേരി ചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എൻ.ഐ.ടി വിദഗ്ധസംഘം പരിശോധന നടത്തുന്നു
കോഴിക്കോട് /കൽപറ്റ: തുടർച്ചയായി മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ എൻ.ഐ.ടി വിദഗ്ധസംഘം ആധുനിക സംവിധാനങ്ങളോടെ പരിശോധന നടത്തി. ഭാവിയിൽ മണ്ണിടിച്ചിലിന് സാധ്യതയടക്കം കണ്ടെത്താവുന്ന പരിശോധന ഇരു ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിൽ സുരക്ഷ ഉറപ്പുവരുത്തും. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദൃശ്യങ്ങള്‍ ‘ഡ്രോണ്‍’ ഉപയോഗിച്ചുള്ള റിയല്‍ ടൈം കൈനമാറ്റിക് സര്‍വേയിലൂടെ സംഘം ശേഖരിച്ചു.
ഇവ ഉപയോഗിച്ച് നിര്‍മിക്കുന്ന ത്രിമാന ദൃശ്യങ്ങളിലൂടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന മണ്ണിടിച്ചില്‍ സാധ്യത, ഭൂമിയുടെ സ്വഭാവം, ആഘാത സാധ്യത തുടങ്ങിയവ കണ്ടെത്താന്‍ സാധിക്കുമെന്ന് ഡോ. സന്തോഷ് ജി. തമ്പി പറഞ്ഞു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് നല്‍കും. ആവശ്യമെങ്കില്‍ പ്രദേശത്ത് ജി.പി.ആര് (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.ടി സിവില്‍ വിഭാഗം പ്രഫസര്‍ സന്തോഷ് ജി. തമ്പി, അസി. പ്രഫസര്‍മാരായ പ്രദീക് നേഗി, അനില്‍കുമാര്‍, റിസര്‍ച് ഫെലോ മനു ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ആഗസ്റ്റ് 26നാണ് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായത്. തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം. രേഖ, പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ.വി. സുജീഷ്, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ നിധില്‍ ലക്ഷ്മണന്, അസി. എൻജിനീയര്‍ എം. സലീം, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ എം. രാജീവ്, ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

