‘എന്‍റെ മോളെ കൊന്നില്ലേ...’ എന്ന് പറഞ്ഞ് ഡോക്ടറുടെ തലക്ക് വെട്ടി; സനൂപ് എത്തിയത് ഭാര്യയെയും രണ്ടു മക്കളെയും കൂട്ടി
text_fieldsകോഴിക്കോട്: താമരശ്ശേരി താലൂക്കാശുപത്രിയിൽ കയറി ഡോക്ടറുടെ തലക്ക് വടിവാൾകൊണ്ട് വെട്ടിയ സനൂപ് ആക്രമണം നടത്തിയത് ‘എന്‍റെ മോളെ കൊന്നില്ലേ...’ എന്ന് ചോദിച്ച്. വെട്ടേറ്റ ഡോക്ടർ വിപിൻ രോഗികളുടെ ബന്ധുക്കളുമായി സംസാരിച്ച് നിൽക്കവെയായിരുന്നു ആക്രമണം. പൊടുന്നനെ വടിവാളെടുത്ത് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചോരവാർന്ന ഡോക്ടറെ രക്ഷിക്കാനായി സമീപത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടിയെത്തി. സനൂപിനെ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപിക്കുകയും ചെയ്തു.
രാവിലെ 11ഓടെയാണ് സനൂപ് ആശുപത്രിയിലെത്തിയത്. സംശയം തോന്നാതിരിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടിയാണ് സനൂപ് എത്തിയത്. വടിവാൾ ഒളിപ്പിച്ചുവെച്ച് പലതവണ ആശുപത്രിക്കകത്ത് കയറി സൂപ്രണ്ടിനെ അന്വേഷിച്ചു. സൂപ്രണ്ട് തിരക്കിലായതിനാൽ സനൂപിന് കാണാനായില്ല. പിന്നീട് ഉച്ചക്ക് 1.30ഓടെയാണ് ഫിസിഷ്യൻ ഡോ. വിപിനെ വെട്ടിയത്.
ഡോ. വിപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയിൽ ഏഴ് സെന്‍റിമീറ്റർ നീളത്തിൽ മുറിവേറ്റതായി പരിശോധനയിൽ വ്യക്തമായി. തലച്ചോറിന് പരിക്കില്ലാത്തതിനാൽ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തു.
പനിയും ഛർദിയും ബാധിച്ചാണ് സനൂപ് മകൾ അനേയയെ താലൂക്കാശുപത്രിയിൽ കൊണ്ടുവന്നത്. പിന്നീട് ഇവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തെങ്കിലും അനേയ മരിച്ചു. ഒരാഴ്ചയായി സനൂപ് ഏറെ അസ്വസ്ഥനായിരുന്നു എന്ന് ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെ റഫർ ചെയ്തിരുന്നെങ്കിൽ മകൾ രക്ഷപ്പെടുമായിരുന്നു എന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത് സനൂപിനെ തളർത്തിയിരുന്നെന്നും ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം -കെ.ജി.എം.ഒ.എ
തിരുവനന്തപുരം: ഡോക്ടർക്കെതിരായ ആക്രമണത്തിനെതിരെ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിക്കും. രോഗീപരിചരണം ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടുനിൽക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗങ്ങൾ മാത്രം പ്രവർത്തിക്കും. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിലാണ് പ്രതിഷേധം.
സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എയും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ യോഗങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

