താമരശ്ശേരി ചുരം പൂർണമായി അടക്കില്ല; മഴയില്ലാത്തപ്പോൾ ഒറ്റ വരിയായി ചെറിയ വാഹനങ്ങൾ കടത്തിവിടും
text_fieldsകോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. കോഴിക്കോട് ജില്ല കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.
വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്‍ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തണം.
ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കണം. ആംബുലന്‍സ് സര്‍വിസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനും കലക്ടർ നിർദേശം നൽകി. കുറ്റ്യാടി റോഡില്‍ വാഹനഗതാഗതം സുഗമമാക്കുന്നതിന് റോഡിലെ കുഴികള്‍ അടിയന്തരമായി അടക്കാനും രാത്രിസമയങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ റൂറല്‍ എസ്.പി കെ.ഇ. ബൈജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എം. രേഖ, താമരശ്ശേരി തഹസില്‍ദാര്‍ സി. സുബൈര്‍, താമരശ്ശേരി ഡിവൈ.എസ്.പി സുശീര്‍ മൊഹിത്ത്, ജില്ലാ ഫയര്‍ ഓഫിസര്‍ അഷറഫലി, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എൻജീനിയർ വി.കെ. ഹാഷിം, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ എം. രാജീവ്, ജില്ലാ ജിയോളജിസ്റ്റ് ഡോ. മഞ്ജു, ഹസാഡ് അനലിസ്റ്റ് പി. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

