കണ്ണീർമഴയിൽ മെഡിക്കൽ കോളജ് പരിസരം
text_fieldsകോഴിക്കോട്: ഒരു കുടുംബത്തിെൻറ കണ്ണീരിനൊപ്പം പ്രകൃതിയും വിതുമ്പിയ ദിവസമായിരുന്നു ശനിയാഴ്ച. കരുവൻപൊയിലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുൾെപ്പടെ ആറുപേർ മരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. ഉച്ചക്ക് 2.30ഒാടെയാണ് അടിവാരത്തിനടുത്ത് കൈതപ്പൊയിലിൽ ബസും ജീപ്പും കൂട്ടിയിടിച്ച് ചിലർ മരിച്ചതായി ആദ്യം സന്ദേശം പരന്നത്. രണ്ടുപേർ മരിച്ചെന്നും നാലുപേർ മരിച്ചെന്നും അഞ്ചുപേർ മരിച്ചെന്നും തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു എങ്ങും.
മിനിറ്റുകൾക്കുള്ളിൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനുമുന്നിൽ ജനക്കൂട്ടം നിറഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് ആംബുലൻസുകൾ തലങ്ങും വിലങ്ങും പായുന്നു. സംഭവസ്ഥലത്തെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും മരിച്ച അബ്ദുറഹ്മാെൻറ ബന്ധുക്കളുമായി നിരവധിപേർ മെഡിക്കൽ കോളജിലുണ്ടായിരുന്നു. എന്നാൽ, എത്രപേർ മരിച്ചുവെന്നോ ആർക്കെല്ലാം പരിക്കുണ്ടെന്നോ ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. ഉദ്വേഗത്തിെൻറയും ആശങ്കയുടെയും മണിക്കൂറുകളായിരുന്നു അത്. അതിനിടയിൽ മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ മൂന്നു കുട്ടികൾ മരിച്ച നിലയിലുണ്ടെന്ന വാർത്ത പരന്നു. സംഭവസ്ഥലത്തുനിന്ന് മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങളും എത്തിച്ചു.
പിന്നീടാണ് ആറുപേർ മരിച്ചെന്ന കാര്യം മെഡിക്കൽ കോളജ് പൊലീസും ആശുപത്രി അധികൃതരും സ്ഥിരീകരിച്ചത്. എന്നാൽ അബ്ദുറഹ്മാൻ, സുബൈദ, ഡ്രൈവർ പ്രമോദ് എന്നിവരല്ലാതെ മരിച്ച കുട്ടികൾ ആരൊക്കെയാണെന്നതിനോ ജീപ്പിൽ എത്രപേരുണ്ടായിരുന്നുവെന്നതിനോ കുറിച്ചോ അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. അബ്ദുറഹ്മാെൻറ പേരക്കുട്ടികളാെണന്ന് അറിയാമെങ്കിലും ആരുടെയും പേരോ വയസ്സോ വ്യക്തമായി അറിയില്ല. പിന്നീട് ബന്ധുക്കളെത്തി വൈകിയാണ് മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞത്.
ഈ സമയത്തെല്ലാം മെഡിക്കൽ കോളജ് പരിസരത്ത് മഴ ചാറുന്നുണ്ടായിരുന്നു. ഒരു കുടുംബത്തിലുള്ളവരുടെ മൃതദേഹങ്ങൾ ഒന്നിനുപിറകെ ഒന്നായെത്തിയത് മെഡിക്കൽ കോളജിൽ പല ആവശ്യങ്ങൾക്കുമായെത്തിയവരുടെ മിഴിനീരണിയിപ്പിച്ചു. എം.എൽ.എമാരായ കാരാട്ട് റസാഖ്, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, ജില്ല കലക്ടർ യു.വി. ജോസ്, ഉത്തരമേഖല എ.ഡി.ജി.പി നിതിൻ അഗർവാൾ, ഡി.സി.പി മെറിൻ ജോസഫ്, അസി. കമീഷണർ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്നാണ് വൈകീട്ട് തന്നെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹങ്ങൾ രാത്രി വിട്ടുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
