തലയോലപ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്: 35 കോടിയുമായി നടത്തിപ്പുകാരൻ മുങ്ങി
text_fieldsതലയോലപ്പറമ്പ്: തലയോലപ്പറമ്പ് കേന്ദ്രീകരിച്ച് നിക്ഷേപ തട്ടിപ്പ്. 35 കോടിയുമായി തലയോലപ്പറമ്പ് മാളിയേക്കൽ ഒാമനക്കുട്ടൻ (52) മുങ്ങി. പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനംനൽകി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ 600ലധികം പേരിൽനിന്നാണ് കോടികൾ നിക്ഷേപമായി സ്വീകരിച്ചത്. ഒാമനക്കുട്ടനെ പ്രതിയാക്കി കേസെടുത്തതായി തലയോലപ്പറമ്പ് എസ്.െഎ രഞ്ചിത്ത് കെ. വിശ്വനാഥ് അറിയിച്ചു.
നിക്ഷേപകനായ ചിറക്കടവ് പടിഞ്ഞാേറപറമ്പിൽ ജോസഫ് വർഗീസാണ് പരാതി നൽകിയത്. ഒാമനക്കുട്ടനെ കൂടാതെ ഭാര്യ സിനി, മാനേജർ സലി, മകൻ ശരത്ത്, ജീവനക്കാരൻ ഷാജഹാൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്. ഒാമനക്കുട്ടൻ ദുബൈയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. 2015ലാണ് പള്ളിക്കവലക്ക് സമീപമുള്ള ഇല്ലിതൊണ്ടിലെ രണ്ടുനില കെട്ടിടത്തിന് മുകളിലുള്ള മുറിയിൽ സൂര്യ ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിച്ചത്.
ആദ്യവർഷം പണം നിക്ഷേപിച്ചവർക്ക് 12 മുതൽ 25 ശതമാനം വരെ പലിശ നൽകി. ബിസിനസ് ആവശ്യത്തിനായാണ് നിക്ഷേപം സ്വീകരിച്ചത്. സ്വർണം പണയംവെച്ചും വസ്തു വിറ്റുമാണ് പലരും പണം നിക്ഷേപിച്ചത്. തിരികെ പണം ലഭിക്കാതെ വന്നതിനെത്തുടർന്നുള്ള പരാതിയിൽ 2016ൽ ഇടപാടുകൾ മന്ദഗതിയിലായെങ്കിലും 2016 അവസാനം വീണ്ടും ഉൗർജിതമായി. 2017 അവസാനിച്ചിട്ടും പണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് നിക്ഷേപകർ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞത്. കുറച്ചുനാളുകളായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് തലയോലപ്പറമ്പ് പൊലീസിന് മൂന്നുദിവസം മുമ്പ് പരാതി ലഭിച്ചത്.
ക്രെഡിറ്റ് കാർഡിൽനിന്ന് ഒരുലക്ഷം നഷ്ടപ്പെട്ടതായി പരാതി
മുട്ടം (തൊടുപുഴ): ഓൺലൈൻ തട്ടിപ്പ് വഴി ഉടമ അറിയാതെ ക്രെഡിറ്റ് കാർഡിൽനിന്ന് ഒരുലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി പരാതി. തലയനാട് സ്വദേശി ഇലവുങ്കൽ ജോജി ജോസഫാണ് മുട്ടം സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് ജോജി ജോസഫ് പറയുന്നത്: ശനിയാഴ്ച ഉച്ചക്ക് ശേഷം ഒമ്പത് മെസേജ് തെൻറ ഫോണിലേക്ക് വന്നു. തെൻറ ആക്സിസ് ബാങ്കിലെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് ഓൺലൈൻ പർച്ചേസ് വഴി ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു എന്നതായിരുന്നു മെസേജ്.
കാർഡ് തെൻറ കൈവശം ഇരിക്കുമ്പോൾ തന്നെയാണ് പണം നഷ്ടപ്പെട്ടതായി ബാങ്കിൽനിന്ന് സന്ദേശം വരുന്നത്. ഉടൻ ബാങ്കിൽ ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് പല ഘട്ടങ്ങളിലായി ലക്ഷം രൂപയോളം നഷ്ടപ്പെട്ടത്. മൂന്നുലക്ഷം രൂപ വായ്പ ലഭിക്കുന്ന അക്കൗണ്ടിൽനിന്നാണ് ഒരുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത്. എത്ര രൂപ നഷ്ടപ്പെട്ടുവെന്ന് കൃത്യമായ കണക്ക് തിങ്കളാഴ്ച ബാങ്കിൽ ചെന്ന് നോക്കിയാൽ മാത്രമേ അറിയാൻ സാധിക്കൂവെന്ന് ജോജി പറയുന്നു. മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
