''ഹലോ..പൊലീസ് സ്റ്റേഷൻ, ഒന്നു വിവാഹം കഴിക്കണം''
text_fieldsimage courtesy: heraldgoa.in
തലശ്ശേരി: പഠിപ്പും പത്രാസുമുണ്ടായിട്ടും വൈവാഹിക ജീവിതം വിധിച്ചിട്ടില്ലെന്ന് വിലപിക്കുന്നവർക്കിതാ തലശ്ശേരിയിൽനിന്ന് ഒരു സദ്വാർത്ത. പലവിധ കാരണങ്ങളാൽ വിവാഹം സ്വപ്നമായി അകന്നുനിൽക്കുന്ന യൗവനങ്ങളെ കൈപിടിച്ചുയർത്താൻ തലശ്ശേരിയിലെ ജനമൈത്രി പൊലീസാണ് പ്രത്യേക സംവിധാനം ആരംഭിക്കുന്നത്. രക്ഷിതാക്കൾക്കും യുവതീ-യുവാക്കൾക്കും സഹായം തേടാം.
9496985563 വാട്സ്ആപ് നമ്പറിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ അറിയിച്ചാൽ വിളിപ്പുറത്ത് ജീവിത പങ്കാളിയെ കണ്ടെത്താനാവുന്ന മറുപടി ലഭ്യമാവും. മാര്യേജ് ബ്യൂറോയുടെ മട്ടാണെങ്കിലും അതിലപ്പുറം വിശ്വാസ്യതയും സുരക്ഷിതത്വവും ജനമൈത്രി പൊലീസിെൻറ കാര്യത്തിലുണ്ടാവും.
പ്രത്യേക ഫീസോ മറ്റ് നൂലാമാലകളോ ഇല്ല. വിവരങ്ങൾ സ്വീകരിക്കലും കൊടുക്കലും മാത്രമാണ് പൊലീസിെൻറ ഉത്തരവാദിത്തം. സേവനം സബ്ഡിവിഷൻ പരിധിയിലെ കൂത്തുപറമ്പ്, പാനൂർ, കൊളവല്ലൂർ, ചൊക്ലി, ന്യൂമാഹി, ധർമടം, പിണറായി, തലശ്ശേരി പ്രദേശത്തുള്ളവർക്ക് പ്രയോജനപ്പെടും.