തലശ്ശേരി: വീടിെൻറ പിൻഭാഗത്തെ വാതിൽ ലോക്ക് ജാമായി തുറക്കാൻ കഴിയാത്തതിനെ തുടർന്ന്, ക്വാറൻറീനിൽ കഴിയുന്ന കുടുംബം പരിഭ്രാന്തിയിലായി. കോടിയേരി മൂളിയിൽനടയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
മൈസൂരുവിൽനിന്നും കോടിയേരി മൂളിയിൽനടയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുടുംബം. ദിൽജ സുനിൽകുമാറും രണ്ട് മക്കളുമാണ് ഇവിടെ ക്വാറൻറീനിൽ കഴിയുന്നത്. വീടിെൻറ പിൻഭാഗത്ത് കുളിമുറിയോട് ചേർന്നുള്ള വാതിലാണ് ലോക്ക് കേടായി തുറക്കാൻ പറ്റാതായത്.
എന്തുചെയ്യണമെന്നറിയാതെ സ്ത്രീയും കുട്ടികളും പരിഭ്രമിച്ചു. കോവിഡ് ഭീതികാരണം പരിസരവാസികളാരും സഹായത്തിനെത്തിയില്ല. ഒടുവിൽ തലശ്ശേരി ഫയർഫോഴ്സിെൻറ സഹായം തേടുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി.വി. ദിനേശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ദിവീഷ്, ജുബിൻ എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് വീട്ടിലെത്തി യന്ത്രമുപയോഗിച്ച് വാതിലിെൻറ പൂട്ട് പൊളിക്കുകയായിരുന്നു.