തലശ്ശേരി-കുടക് പാത അടച്ച സംഭവം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: തലശ്ശേരി-കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. മണ്ണ് നീക്കാമെന്ന് കർണാടക വാക്കാൽ പറഞ്ഞെങ്കിലും പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർണാടകയിലെ കൂർഗുമായി വിരാജ്പേട്ട വഴി കേരളത്തെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത-30 കഴിഞ്ഞ ദിവസമാണ് കർണാടക മണ്ണിട്ട് അടച്ചത്.
അതേസമയം വീരാജ്പേട്ട - കൂട്ടുപുഴ വഴി ഗതാഗതം അനുവദിക്കില്ലെന്ന് കർണാടക ആവർത്തിച്ചു. കർണാടക മുഖ്യമന്ത്രി യെദിയൂരിയപ്പയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദഗൗഡയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മംഗളൂരു-കാസർകോട്, മൈസൂരു-എച്ച്.ഡി കോട്ട-ബാവലി- മാനന്തവാടി, ഗുണ്ടൽപേട്ട്- മുത്തങ്ങ- സുൽത്താൻ ബത്തേരി എന്നീ റോഡുകൾ കേരളത്തിലേക്ക് ചരക്കുനീക്കത്തിന് തുറന്നുകൊടുക്കാൻ തയാറായെങ്കിലും കണ്ണൂരിലേക്ക് ചരക്കു നീക്കം എളുപ്പമാക്കുന്ന വീരാജ്പേട്ട -മാക്കൂട്ടം- കൂട്ടുപുഴ വഴി ഗതാഗതം അനുവദിക്കില്ലെന്നാണ് കർണാടകയുടെ നിലപാട്. ഡി.വി. സദാനന്ദഗൗഡ ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തിയിരുന്നു.
