പൊലീസ് ‘കള്ള’നാക്കിയ താജുദ്ദീെൻറ നഷ്ടം ആര് നികത്തും?
text_fieldsകണ്ണൂർ: കള്ളനാണെന്നുപറഞ്ഞ് 54 ദിവസം ജയിലിൽ കഴിഞ്ഞ് ഇപ്പോൾ യഥാർഥ പ്രതിയെ പൊലീസ് പിടിച്ചപ്പോൾ കതിരൂർ പുല്യോട് സ്വദേശി വി.കെ. താജുദ്ദീൻ ചോദിക്കുന്നത് ഇതാണ്. ‘ജീവിതത്തിൽ വിലമതിക്കാനാവാത്ത പലതുമാണ് നഷ്ടമായത്. അതൊക്കെ ആര് തിരിച്ചുതരും?’പൊലീസ് പിടികൂടിയ യഥാർഥ പ്രതിയെ സ്റ്റേഷനിലെത്തി താജുദ്ദീൻ ഇന്നലെ നേരിട്ട് കണ്ടു. താനുമായി അധികം സാദൃശ്യമൊന്നും പ്രതിക്കില്ലെന്നാണ് താജുദ്ദീെൻറ പക്ഷം. തന്നെപ്പോലൊരു താടിയും കഷണ്ടിയുമുണ്ട്. അത്രമാത്രം. ഉയരംപോലും തന്നെ പോലെയല്ല. ‘ഏതായാലും ദൈവത്തെ സ്തുതിക്കുകയാണ് ഞാൻ. പ്രവാസലോകത്തേക്ക് തിരിച്ചെത്തുേമ്പാൾ ഇനി എന്താവുമെന്ന് ഒരു നിശ്ചയവുമില്ല’ -താജുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
മോഷണം നടത്തിയ സ്വർണം വിറ്റതാണെന്നുപറഞ്ഞ് തന്നിൽനിന്ന് പിടികൂടിയ 56,000 രൂപയും പാസ്പോർട്ടും പാൻറ്സും മകെൻറ വാച്ചുമൊക്കെ കോടതിയിൽ നിന്ന് പൊലീസ് തിരിച്ചുവാങ്ങിക്കൊടുത്തിട്ടുണ്ട്. പക്ഷേ, പത്ത് ദിവസത്തേക്ക് മകളുടെ കല്യാണം നടത്താൻവന്ന തന്നെ കള്ളനാക്കി പൊലീസ് ജയിലിലാക്കിയപ്പോൾ തകർന്നത് ഖത്തറിലെ തെൻറ വ്യാപാരമാണെന്ന് താജുദ്ദീൻ പറഞ്ഞു. ബംഗളൂരുവിൽ മകനെ പുതിയ കോഴ്സിന് ചേർക്കാനുള്ള ഇൻറർവ്യൂവിന് പോകേണ്ടതിെൻറ തലേന്നാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ മകെൻറ ഒരു വർഷത്തെ പഠനം മുടങ്ങി. ഈ മാസം 26ന് ഖത്തറിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് താജുദ്ദീൻ. ‘അവിടെ എത്തിയാലേ സ്പോൺസറുടെ പ്രതികരണം അറിയുകയുള്ളൂ. അതോർത്ത് മനസ്സിനൊരു സമാധാനവുമില്ല’- താജുദ്ദീൻ പറഞ്ഞു.
മകളുടെ വിവാഹം നടത്താൻ കഴിഞ്ഞ ജൂൺ 25നാണ് താജുദ്ദീൻ നാട്ടിലെത്തിയത്. ജൂൈല എട്ടിന് നിക്കാഹ് നടന്നു. 11ന് പുലർച്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയോടും മക്കളോടുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ രാത്രിയാണ് ചക്കരക്കല്ല് എസ്.ഐ ബിജു പിടികൂടിയത്. സത്യം പറഞ്ഞാൽ ഒത്തുതീർക്കാം എന്നാണ് എസ്.ഐ പറഞ്ഞത്. മർദിക്കുകയും ചെയ്തു. സംഭവസമയം താൻ ഉണ്ടായിരുന്ന സ്ഥലം മൊബൈൽ ലൊക്കേഷൻ നോക്കി മനസ്സിലാക്കാവുന്ന ശാസ്തീയ വഴിയും പൊലീസ് തേടിയില്ല. ആഴ്ചയിൽ സ്റ്റേഷനിൽ ഒപ്പിടുന്നതുൾപ്പെടെയുള്ള ഉപാധിയോടെ ഹൈകോടതിയാണ് ജാമ്യം നൽകിയത്. അപ്പോഴേക്കും താനും കുടുംബവും സമൂഹത്തിന് മുന്നിൽ അങ്ങേയറ്റം അപമാനിതരായി കഴിഞ്ഞിരുന്നു -താജുദ്ദീൻ വിവരിച്ചു.
ഫേസ്ബുക്ക് വഴിയുള്ള പരിചയവുമായി താജുദ്ദീെൻറ മകൻ, ടി.വി. ഇബ്രാഹിം എം.എൽ.എയുടെ അഡീഷനൽ പി.എ ഷാഹുല് ഹമീദിനെ വിളിച്ചതോടെയാണ് ഡി.ജി.പിക്ക് പരാതി നൽകാൻ അവസരമുണ്ടായത്. ടി.വി. ഇബ്രാഹിം എം.എൽ.എ ഇടപെട്ട് മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകിയതനുസരിച്ചാണ് ഡി.ജി.പിയെ കണ്ടത്. ഡി.ജി.പി നിർദേശിച്ചതനുസരിച്ച് കണ്ണൂർ ഡിവൈ.എസ്.പി സദാനന്ദനാണ് വിശദമായ പരിശോധനയിൽ, എസ്.ഐക്ക് തെറ്റ് പറ്റിയതായി കണ്ടെത്തിയത്. ഡി.ജി.പിയെയും ഡിവൈ.എസ്.പിയെയും അഭിനന്ദിക്കുന്ന താജുദ്ദീൻ പക്ഷേ, പൊലീസ് തനിക്കുണ്ടാക്കിയ നഷ്ടം തിരിച്ചുതരണമെന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. കുറ്റക്കാരനായ എസ്.ഐയെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ നാളെ എസ്.പിയെ കണ്ട് പരാതി നൽകുമെന്ന് താജുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
