മുസ്ലിമായതിെൻറ പേരില്‍ ബി.ജെ.പിയില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണന, അബ്ദുല്ലക്കുട്ടിയെ അവർ പർച്ചേസ് ചെയ്തതാണ് -താഹ ബാഫഖി തങ്ങള്‍
text_fieldsകോഴിക്കോട്: ബി.ജെ.പി വിടാനുണ്ടായ സാഹചര്യം തുറന്നുപറഞ്ഞ് താഹ ബാഫഖി തങ്ങള്‍. ഒാൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ നേരിട്ട അവഗണനകളും അധിക്ഷേപങ്ങളും തുറന്നുപറഞ്ഞത്. മുസ്ലിമായതിെൻറ പേരില്‍ പാർട്ടിയിൽ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്ന് താഹ ബാഫഖി തങ്ങള്‍ പറയുന്നു. ലീഗ് നേതാവ് ബാഫഖി തങ്ങളുടെ പേര് ദുരുപയോഗം ചെയ്യാനാണ് തന്നെ ബി.ജെ.പിയിലെടുത്തതെന്നും അബ്ദുല്ലക്കുട്ടിയെ പർച്ചേസ് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം കോഴിക്കോട് അളകാപുരിയില്‍ ഒരു സമ്മേളനം നടന്നിരുന്നു. എന്നേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പരിപാടി കഴിഞ്ഞതിനുശേഷം ശ്രീധരന്‍പിള്ളയുടെ പ്രൈവറ്റ് സെക്രട്ടറി ശ്യാം നീ മുസ്‌ലിമല്ലേ, നീയെന്താ സ്റ്റേജില്‍ കയറാന്‍ കാരണം എന്ന് ചോദിച്ചു'-താഹ ബാഫഖി തങ്ങള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ മാനസികമായി തകര്‍ന്നുവെന്നും ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഒരു പ്രശ്‌നം ഉണ്ടായാല്‍ അദ്ദേഹത്തിനല്ലേ നാണക്കേട് എന്ന് കരുതി ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുസ്‌ലിം ലീഗിലായിരുന്ന സയ്യിദ് താഹ ബാഫഖി തങ്ങള്‍ 2019 ആഗസ്റ്റിലായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. മുസ്‌ലിം ലീഗിെൻറ അഖിലേന്ത്യാ പ്രസിഡൻറും സംസ്ഥാന പ്രസിഡൻറുമായിരുന്ന അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ ചെറുമകനാണ് താഹ.
ബി.ജെ.പിയിലും അതിെൻറ പോഷക സംഘടനകളിൽനിന്നും വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവക്കുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് അയച്ച കത്തിൽ താഹ പറഞ്ഞിരുന്നു. പി.എസ്. ശ്രീധരൻ പിള്ളയുടെ അഭ്യർഥന മാനിച്ചാണ് പാർട്ടിയിൽ ചേർന്നതെന്നും എന്നാൽ, തെൻറ പേരും കുടുംബപ്പേരും മാർക്കറ്റിങ്ങിന് ഉപയോഗിക്കുക മാത്രമാണുണ്ടായതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇപ്പോൾ മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന സമീപനമാണ് ബി.ജെ.പി നടത്തുന്നത്. മുസ്ലിംകൾ ബി.ജെ.പിയിലുണ്ട് എന്ന് വരുത്തുക മാത്രമാണ് ലക്ഷ്യം. കുടുംബപ്പേരുപയോഗിച്ച് സമുദായത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജിക്കത്തിൽ പറയുന്നു.