സ്കൂൾ പാഠഭാഗം പാതിവഴിയിൽ; സ്കോളർഷിപ് പരീക്ഷകളിൽ ‘പരീക്ഷണം’
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ച് തീരും മുമ്പ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ നടത്തി വിദ്യാർഥികൾക്കു മേൽ വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷണം. ഇതിനെതിരെ പരാതി നൽകിയവർക്ക് മുന്നിൽ വിചിത്ര ന്യായം നിരത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്.
എൽ.എസ്.എസ് പരീക്ഷ നാലാം ക്ലാസിലെയും യു.എസ്.എസ് പരീക്ഷ ഏഴാം ക്ലാസിലെയും സിലബസ് അടിസ്ഥാനമാക്കിയാണ് നടത്തുന്നതെങ്കിലും പാഠഭാഗങ്ങൾ തീരുന്നതിനു മുമ്പ് ഈ മാസം 27ന് തന്നെ പരീക്ഷ നടത്താനാണ് പരീക്ഷ ഭവന്റെ തീരുമാനം. ഇതുസംബന്ധിച്ച് വ്യാപക പരാതിയുയർന്നിട്ടും തീയതി മാറ്റാൻ തയാറായിട്ടില്ല.
നിശ്ചിത പാഠഭാഗങ്ങളിൽ നിന്ന് മാത്രം ചോദ്യം ഉൾപ്പെടുത്തി പരീക്ഷ നടത്താൻ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ പാദവാർഷിക പരീക്ഷയോ അർധ വാർഷിക പരീക്ഷയോ അല്ലെന്നാണ് ഇതുസംബന്ധിച്ച് ഒരു രക്ഷിതാവ് നൽകിയ പരാതിക്ക് പരീക്ഷ ഭവൻ നൽകിയ മറുപടി. നാലാം ക്ലാസിലെയും ഏഴാം ക്ലാസിലെയും സിലബസ് അനുസരിച്ച് തന്നെയാണ് പരീക്ഷ നടത്തുന്നതെന്ന് കത്തിൽ വ്യകതമാക്കുമ്പോഴാണ് പരീക്ഷ സെക്രട്ടറി വിചിത്ര വാദം നിരത്തുന്നത്. പാഠഭാഗങ്ങളിൽ കുറവുവരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പരീക്ഷ സെക്രട്ടറിയുടെ കത്തിൽ പറയുന്നു. പാഠഭാഗങ്ങൾ പഠിപ്പിച്ചില്ലെങ്കിലും കുട്ടികൾ സ്വാഭാവികമായി പങ്കെടുത്ത് കഴിവ് തെളിയിക്കേണ്ട സ്കോളർഷിപ് പരീക്ഷകളാണിവ എന്നും കത്തിൽ പറയുന്നു. നേരത്തെ ജനുവരി 31വരെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയായിരുന്നു എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ നടത്തിയിരുന്നത്. കോവിഡ് കാലത്ത് ഏറെ വൈകി നടന്ന പരീക്ഷക്ക് മുഴുവൻ സിലബസും ഉൾപ്പെടുത്തി പരീക്ഷ നടത്തുകയായിരുന്നു.
പരീക്ഷ ഫെബ്രുവരിയിലേക്ക് തിരിച്ചുവന്നെങ്കിലും മുഴുവൻ സിലബസും പഠിക്കണമെന്നതിൽ മാത്രം മാറ്റം വരുത്തിയില്ല. ഫെബ്രുവരിയിൽ പരീക്ഷ നടത്തുകയാണെങ്കിൽ ജനുവരി 31 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയോ മുഴുവൻ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ സ്കൂൾ വാർഷിക പരീക്ഷ പൂർത്തിയായ ശേഷം മാർച്ചിലോ നടത്തണമെന്നാണ് കുട്ടികളുടെയും അധ്യാപകരുടെയും ഉൾപ്പെടെയുള്ള ആവശ്യം. ഇത്തവണ ഹൈസ്കൂളുകൾക്കൊപ്പമുള്ള പ്രൈമറി ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്നതിനിടയിലാണ് സ്കോളർഷിപ് പരീക്ഷയും നടത്തുന്നത്. ഇതും വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

