ന്യൂഡൽഹി: തീവ്രവാദികൾ അമർനാഥ് യാത്രയെ ലക്ഷ്യം വെക്കുന്നുവെന്ന് സൈന്യം. എന്നാൽ തീർത്ഥാടനത്തിന് പ്രശ്‌നങ്ങൾ വരാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 21 നാണ് തീർത്ഥയാത്ര ആരംഭിക്കുക. യാത്രയെ തീവ്രവാദികൾ ലക്ഷ്യം വെക്കുന്നുണ്ടെന്നും എന്നാൽ സുരക്ഷ നൽകാൻ തങ്ങളുടെ സേന സജ്ജമാണെന്നും ബ്രിഗേഡിയർ വിവേക് സിംഗ് ഠാക്കൂർ പറഞ്ഞു. യാത്രികർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തീർഥാടനം നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച പ്രദേശത്ത് നിന്ന് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ അടക്കം മൂന്ന് പേരെ സൈന്യം വെടിവച്ച് വീഴ്ത്തിയിരുന്നു. അമർനാഥ് യാത്ര സമാധാനപരമായി നടക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.