Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടെന്നീസ് ക്ലബ്: റവന്യൂ...

ടെന്നീസ് ക്ലബ്: റവന്യൂ മന്ത്രിയുടെ നീക്കം തടഞ്ഞത് മുൻ ചീഫ് സെക്രട്ടറി

text_fields
bookmark_border
ടെന്നീസ് ക്ലബ്: റവന്യൂ മന്ത്രിയുടെ നീക്കം തടഞ്ഞത് മുൻ ചീഫ് സെക്രട്ടറി
cancel

തിരുവനന്തപുരം: ടെന്നീസ് ക്ലബിന്‍റെ പാട്ടഭൂമി ഏറ്റെടുക്കാനുള്ള റവന്യൂമന്ത്രിയുടെ നീക്കം തടഞ്ഞത് മുൻ ചീഫ് സെക്രട്ടറി. മുൻ സർക്കാരിന്‍റെ അവസാനകാലത്ത് ചട്ടങ്ങൾ മറികടന്ന് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസിലെ വി.എം. സുധീരൻ അടക്കമുള്ള ഒരു വിഭാഗം ഇതിനെതിരായി രംഗത്തുവന്നതോടെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവുകൾ പലതും സർക്കാറിന് പിൻവലിക്കേണ്ടിവന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ ഉത്തരവുകൾ പരിശോധിക്കുന്നതിന് മന്ത്രിസഭ ഉപസമിതിക്ക് രൂപം നൽകി. ടെന്നീസ് ക്ലബ്ബിന് പാട്ടകുടിശിക ഇളവു നൽകിയ ഉത്തരവ് അതിലൊന്നായിരുന്നു. ആ വിവാദം 2020ലും മന്ത്രിസഭയെ വിട്ടൊഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനത്തെ പോലും വെട്ടിമാറ്റാൻ മുൻ ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞുവെന്നാണ് ഫയലുകൾ വെളിപ്പെടുത്തുന്നത്.

തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം വില്ലേജിൽ 191, 192, 194, 195, 210, 211 എന്നീ സർവേ നമ്പരിൽപ്പെട്ട 4.27 ഏക്കർ ഭൂമി 1950 ഓഗസ്റ്റ് 16നാണ് ടെന്നീസ് ക്ലബ്ബിന് 25 വർഷത്തേക്ക് കുത്തകപാട്ടത്തിന് നൽകിയത്. 1975 സെപ്റ്റംബറിൽ 50 വർഷത്തേക്ക് കുത്തകപ്പാട്ടം നീട്ടി നൽകി. എന്നാൽ, 1994ലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം കുത്തകപ്പാട്ടം എല്ലാം പാട്ടം (ലീസ്) ആക്കി മാറ്റി. അതോടെ ഭൂമിയുടെ കമ്പോളവിലയുടെ അടിസ്ഥാനത്തിൽ പാട്ടം നിശ്ചയിച്ചു. തുടർന്ന് 2002 ജനുവരി ഏഴിന് കലക്ടറോട് ടെന്നീസ് ക്ലബ് കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് കമ്പോള വിലയുടെ അടിസ്ഥാനത്തിൽ 1995 മുതൽ പാട്ടം ചുമത്തുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശം നൽകി. അതനുസരിച്ച് 2012 മാർച്ച് 31 വരെയുള്ള പാട്ടകുടിശിക നിശ്ചയിച്ച് 6.52 കോടി രൂപ അടക്കണമെന്ന് കലക്ടർ ക്ലബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകി.

എന്നാൽ, ക്ലബ്ബ് അധികൃതർ തുക അടക്കാൻ തയാറായില്ല. അവർ ലാൻഡ് റവന്യൂ കമീഷണർക്ക് അപ്പീൽ സമർപ്പിച്ചെങ്കിലും അത് നിരസിച്ചു. തുടർന്ന് ക്ലബ് ഭാരവാഹികൾ സർക്കാരിന് നിവേദനം നൽകി. അവരെ നേരിൽ കേട്ടശേഷം നടപടിക്രമങ്ങൾ പാലിച്ച് 2012 ഒക്ടോബർ ഒമ്പതിന് സർക്കാർ ഉത്തരവിട്ടു. കുശിക വരുത്തിയ പാട്ടത്തുക പൂർണമായും ഈടാക്കുന്നതിനും അതിന് തയാറല്ലെങ്കിൽ ഭൂമി തിരിച്ചെടുക്കുമെന്നായിരുന്നു ഉത്തരവ്. പാട്ടഭൂമി തിരിച്ചെടുക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. ഈ ഉത്തരവിനെതിരെ ക്ലബ് ഭാരവാഹികൾ റവന്യൂ മന്ത്രി അടൂർ പ്രകാശിന് നിവേദനം നൽകി. ദീർഘകാലമായി ഭൂമി ക്ലബിന്‍റെ കൈവശമാണെന്ന കാര്യം കണക്കിലെടുത്ത് പാട്ടക്കുടിശികയുടെ 0.2 ശതമാനം ഈടാക്കി 1995 ലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പതിവ് ചട്ടങ്ങൾ പ്രകാരം കമ്പോളവിലയുടെ അഞ്ച് ശതമാനം വാർഷിക പാട്ട നിരക്കിൽ 30 വർഷത്തേക്ക് മൂന്നു വർഷം കൂടുന്തോറും പാട്ടം പുതുക്കണമെന്ന വ്യവസ്ഥയിൽ ഭൂമി പാട്ടത്തിന് നൽകുകയായിരുന്നു. 2016 ഫെബ്രുവരി രണ്ടിലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് മാർച്ച് മൂന്നിന് ഉത്തരവിറക്കിയത്. അത് ചരിത്രത്തിലെ വിവാദ ഉത്തരവുകളിലൊന്നായി.




മുൻ യുഡി.എഫ് സർക്കാറിന്‍റെ അവസാനകാലത്തെ കടുംവെട്ട് ഉത്തരവുകൾ പുന:പരിശോധിക്കാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചതിൽ ടെന്നീസ് ക്ലബും ഉൾപ്പെട്ടു. മന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തിൽ പരിശോധന നടത്തി. താഴെ പറയുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്,

1. ധനകാര്യ-നിയമ വകുപ്പുകളുടെ അഭിപ്രായം ആരാഞ്ഞില്ല.

2. അതിനാൽ ഉത്തരവ് അക്കൗണ്ടൻറ് ജനറലിന് എൻഡോസ് ചെയ്യാൻ നിർവാഹമില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിരുന്നു.

3. കുടിശ്ശിക ഈടാക്കുന്നതിനും ഭൂമി തിരിച്ചെടുക്കുന്നതിനും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ശക്തമായി ശിപാർശ ചെയ്തിരുന്നു.

4. 2016 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 11.09 കോടി പാട്ടകുടിശിക വരുത്തി.

ഈ കാരണങ്ങളാൽ പാട്ടകുശികയുടെ 0.2 ശതമാനം ഇടാക്കി പാട്ടം പുതുക്കി നൽകുന്നതിനായി പുറപ്പെടുവിച്ച 2016ലെ ഉത്തരവ് റദ്ദാക്കണമെന്നും 2012ലെ ഉത്തരവ് പ്രകാരം പാട്ടകുടിശിക അടക്കാത്തപക്ഷം ഭൂമി തിരിച്ചെടുക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കുന്നതിന് ലാൻഡ് റവന്യു കമീഷണർക്ക് നിർദേശം നൽകണമെന്നും സമിതി ശിപാർശ ചെയ്തു. 2017 മാർച്ച് 14ന് മന്ത്രിസഭായോഗം ഈ ശിപാർശ അംഗീകരിച്ചു.

ഉത്തരവ് റദ്ദാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കുന്നതിന് 2017 ജൂലൈ 19ന് റവന്യൂമന്ത്രി ശിപാർശ ചെയ്തു. അത് 2017 ജൂലൈ 27ന് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. അതനുസരിച്ച് മന്ത്രിസഭ യോഗത്തിനുള്ള കുറിപ്പ് സമർപ്പിച്ചു. 2017 സെപ്റ്റംബർ 13ന് മന്ത്രിസഭായോഗം പരിഗണിച്ചു. ടെന്നീസ്ക്ലബ് ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം പുതിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് റവന്യൂ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തി.




റവന്യൂ സെക്രട്ടറി 2017 സെപ്റ്റംബർ 13ന് ഹിയറിങ് നടത്തി. അതിൽ ക്ലബ്ബിന്‍റെ പ്രസിഡൻറും സെക്രട്ടറിയും ഒരു അംഗവും ബന്ധപ്പെട്ട റവന്യു അധികാരികളും പങ്കെടുത്തു. ടെന്നീസ് ക്ലബ്ബിന്‍റെ ഉപയോഗം സംബന്ധിച്ച് ഒരു റിപ്പോർട്ട് കൂടി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ)ൽ നിന്നും വാങ്ങി സമർപ്പിക്കുന്നതിന് റവന്യൂ സെക്രട്ടറി നിർദ്ദേശം നൽകി. റിപ്പോർട്ട് കലക്ടർ സമർപ്പിക്കുന്ന മുറയ്ക്ക് വീണ്ടും 2016 മാർച്ച് മൂന്നിലെ ഉത്തരവ് റദ്ദാക്കി ഭൂമി തിരിച്ചെടുക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം തേടാവുന്നതാണെന്ന് റവന്യൂ മന്ത്രി 2019 ഒക്ടോബർ 11ന് ശിപാർശചെയ്തു. നവംബർ ഒമ്പതിന് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു.

എന്നാൽ, ക്യാബിനറ്റ്നോട്ട്സ് സമർപ്പിച്ചപ്പോൾ മുൻ ചീഫ് സെക്രട്ടറി കരണംമറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തവിട്ട് ഫയൽ തിരുത്തി. മന്ത്രിസഭാ തീരുമാനത്തിന് വിരുദ്ധമായ നിലപാട് മുൻ ചീഫ് സെക്രട്ടരി സ്വീകരിച്ചു. ക്ലബ് 1938 മുതൽ രൂപീകരിച്ചതാണെന്നും അതിന്‍റെ പ്രാധാന്യത്തെ സംബന്ധിച്ച കാര്യങ്ങളും ചരിത്രവും വിവരിച്ചു. വ്യവസ്ഥകൾക്ക് വിധേയമായി പാട്ടം പുതുക്കി നൽകാവുന്നതാണെന്ന് ശിപാർശ ചെയ്തു. ഈ അട്ടിമറി മറച്ചുവെക്കാൻ ഫയൽ റവന്യൂ മന്ത്രിയുടെ മേശപ്പുറത്ത് എത്തിയില്ല. ആ ഫയൽ നേരിട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഇതൊരു ക്രമവിരുദ്ധ നടപടിയായിരുന്നെങ്കിലും ആരും ചോദ്യം ചെയ്തില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മുൻ ചീഫ് സെക്രട്ടറിക്ക് ഒപ്പം നിലകൊണ്ടു. മുഖ്യമന്ത്രിയുടെ 2020 ജൂൺ നാലിലെ ഉത്തരവ് പ്രകാരം മന്ത്രി ഇ.പി. ജയരാജനോട് ക്ലബുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് നിർദ്ദേശം സമർപ്പിക്കണമെന്ന് നിർദേശം നൽകി. ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും ചേർന്ന് ടെന്നീസ് ക്ലബിന്‍റെ പാട്ടഭൂമി ഏറ്റെടുക്കാനുള്ള റവന്യൂമന്ത്രിയുടെ നീക്കം തടഞ്ഞുവെന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum Tennis Clubtennis club
Next Story