പാലക്കാട് സ്മാർട്ട് സിറ്റിക്ക് ടെൻഡറായി
text_fieldsതിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ആദ്യ നോഡായ പാലക്കാട് സ്മാർട്ട് സിറ്റിയുടെ (ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ) അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ടെൻഡറായി.
ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും (ഡി.ബി.എല്‍) പി.എസ്.പി പ്രോജക്ടസ് ലിമിറ്റഡും ചേര്‍ന്നുള്ള സംരംഭത്തിനാണ് നിർമാണ കരാർ. കഴിഞ്ഞ വർഷം രാജ്യത്ത് അനുവദിച്ച 12 വ്യാവസായിക ഇടനാഴി-സ്മാർട്ട് സിറ്റി പദ്ധതികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടിക്രമം പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ജി.എസ്.ടി ഉൾപ്പെടെ 1316.13 കോടി രൂപക്കാണ് കരാര്‍ ഒപ്പിട്ടത്. നിർമാണം ഉടൻ ആരംഭിക്കും.
3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയ പദ്ധതിയാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടുവര്‍ഷം മുമ്പുതന്നെ കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്പറേഷന് കൈമാറും.
ആദ്യ ഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടുഘട്ടമായി കേന്ദ്രം 313.5 കോടി രൂപ നൽകിയിരുന്നു. ചെന്നൈ-ബംഗളൂരു വ്യാവസായിക ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി നിർമിക്കാൻ 2019 ആഗസ്റ്റിലാണ് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

