ടെണ്ടർ വ്യവസ്ഥകൾ പാലിച്ചില്ല: വൈൽഡ് ലൈഫ് വാർഡനിൽനിന്ന് 64,200 ഈടാക്കണമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട് : ടെണ്ടർ വ്യവസ്ഥകൾ പാലിക്കാത്തതിൽ സർക്കാരിന് നഷ്ടമായ 64,200 രൂപ മുൻ വൈൽഡ് ലൈഫ് വാർഡ നിൽനിന്ന് ഈടാക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ബത്തേരി മുൻ വൈൽഡ് ലൈഫ് വാർഡനായിരുന്ന പി.കെ ആസിഫിൽനിന്നാണ് തുക ഈടാക്കേണ്ടത്. വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ തോൽപ്പെട്ടി, കുറിച്ച്യാട്, സുൽത്താൻ ബത്തേരി, മുത്തങ്ങ റെയ്ഞ്ചുകളിലായി 2019-20 സാമ്പത്തിക വർഷത്തിൽ 135 പ്രവർത്തികളുമായി ബന്ധപ്പെട്ടാണ് പരിശോധന ധനകാര്യ വിഭാഗം നടത്തിയത്.
വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സി - വിഭാഗത്തിൽപ്പെട്ട കരാറുകാരായ പി.എ. സ്റ്റാൻലി. പി. മജീദ്, മുഹമ്മദ് റഫീഖ് എന്നിവരാണ് ടെണ്ടറിൽ പങ്കെടുത്തത്. പൊതു വ്യവസ്ഥകൾ പ്രകാരം സമർപ്പിക്കേണ്ട 200 രൂപയുടെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെൻറ് സമർപ്പിച്ചിട്ടില്ല എന്ന് പരിശോധനയിൽ കണ്ടെത്തി. 2017 മെയ് 20 ലെ ഉത്തരവ് പ്രകാരം ടെണ്ടർ പരസ്യം സംബന്ധമായ എല്ലാ നിബന്ധനകളും സർക്കാർ ഉത്തരവുകളും വനമേഖലയിലെ പ്രവർത്തികൾക്ക് ബാധകമാണ്. ഈ മാർഗ നിർദേശങ്ങൾ അട്ടിമറിച്ചാണ് നടപടികൾ നടത്തിയത്.
2020-21 സാമ്പത്തിക വർഷം മുതൽ നടപ്പാക്കിയ വനം വകുപ്പിന്റെ പ്രവർത്തികൾ ഈ ടെൻഡർ വഴിയാണ് നടപ്പിലാക്കിയത്. ഇവക്ക് പ്രിലിമിനറി എഗ്രിമെൻറ് സമർപ്പിച്ചതായി പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഉത്തരവിലെ മാർഗനിർദേശങ്ങൾ ടെണ്ടർ നടപടികളിൽ പാലിച്ചില്ല. 2019-20 സാമ്പത്തിക വർഷത്തെ 135 പ്രവർത്തികൾക്ക് നോട്ടിഫിക്കേഷൻ ക്ഷണിച്ചിരുന്നു. ഇതിൽ മജീദ് 135 പ്രവർത്തികൾക്കും സ്റ്റാൻലി 135 പ്രവർത്തികൾക്കും മുഹമ്മദ് റഫീക്ക് 51 പ്രവർത്തികൾക്കും ടെണ്ടർ സമർപ്പിച്ചു.
ഈ ടെണ്ടർ വ്യവസ്ഥകൾ പ്രകാരം സമർപ്പിക്കേണ്ട 200 രൂപയുടെ പ്രിലിമിനറി എഗ്രിമെൻറ് ഫോറത്തിൽ കാണാനില്ല. 321 ടെണ്ടറുകളിൽ നിന്നും പ്രിലിമിനറി എഗ്രിമെന്റ് സ്റ്റാമ്പ് പേപ്പറിന്റെ വിലയായ 64,200 രൂപ ബന്ധപ്പെട്ട ഉദ്യോഗത്തിൽ നിന്നും ഈടാക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

