Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തുവർഷത്തെ ഇടതുഭരണം...

പത്തുവർഷത്തെ ഇടതുഭരണം കേരളത്തിന്‍റെ ഇരുണ്ട കാലഘട്ടം; യു.ഡി.എഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel
camera_alt

രമേശ് ചെന്നിത്തല

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബിന്റെ 'മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണം കേരളത്തിന്റെ വികസന ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണെന്നും മുഖ്യമന്ത്രിയും ഇടതുമുന്നണിയും പ്രകടിപ്പിക്കുന്നത് പരാജയഭീതിയിൽ നിന്നുള്ള കപട ആത്മവിശ്വാസം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തെപ്പറ്റി ജനങ്ങൾക്കിടയിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുകയാണ്. അഞ്ചുതവണ ബസ് ചാർജ് വർധിപ്പിച്ചും നാലുതവണ വൈദ്യുതി നിരക്ക് കൂട്ടിയും സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുകയാണ്. കുടിക്കുന്ന വെള്ളത്തിന് വരെ നികുതി കൂട്ടിയ സർക്കാർ, വികസനം സി.പി.എം നേതാക്കൾക്ക് മാത്രമുള്ള ഒന്നാക്കി മാറ്റി. കേരളത്തിന്റെ വിദേശ നിക്ഷേപം വെറും 300 കോടിയിൽ ഒതുങ്ങിനിൽക്കുമ്പോൾ അയൽ സംസ്ഥാനങ്ങൾ കോടികളാണ് വികസന രംഗത്ത് കൊയ്യുന്നത്. പത്തുവർഷത്തിനിടയിൽ ഒരു വൻകിട പദ്ധതി പോലും കൊണ്ടുവരാൻ സർക്കാറിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്താൻ അഞ്ച് 'ഇന്ദിര ഗ്യാരണ്ടികളുമായാണ്' യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കും. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ പോക്കറ്റ് മണി നൽകും. ഉദ്യോഗാർഥികൾക്കും വ്യവസായം തുടങ്ങുന്നവർക്കും അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും. അന്തരിച്ച നേതാവ് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും വയോജന സംരക്ഷണത്തിനായി പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുമെന്നും രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.

താൻ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ മുഖ്യമന്ത്രി കളിയാക്കുന്നത് അദ്ദേഹത്തിന്റെ വിവേകശൂന്യതയാണ്. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച സ്പ്രിൻക്ലർ ഡാറ്റാ കച്ചവടം, ആഴക്കടൽ മത്സ്യബന്ധന കരാർ, പമ്പ മണൽകടത്ത്, ഇ-ബസ് അഴിമതി, മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്രമക്കേടുകൾ, കെ-ഫോൺ പദ്ധതിയിലെ തട്ടിപ്പ്, സഹകരണ സോഫ്റ്റ്‌വെയർ അഴിമതി തുടങ്ങിയ ആരോപണങ്ങളിൽ രേഖകളുടെ പിൻബലമുള്ളതുകൊണ്ട് സർക്കാറിന് പലതവണ തിരുത്തി പറയേണ്ടി വന്നിട്ടുണ്ട്. ടിഷ്യൂ പേപ്പർ കൊടുത്താൽ പോലും ഒപ്പിടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ ടെൻഡറുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ വൻ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ടാറ്റാ കൺസൾട്ടൻസി പോലുള്ള പ്രമുഖ സ്ഥാപനങ്ങളെ ഒഴിവാക്കി രാഷ്ട്രീയ ബന്ധമുള്ള ദിനേഷ് ബീഡി സഹകരണ സംഘത്തിന് വഴിവിട്ട രീതിയിൽ കരാർ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. മലബാർ ഇൻഫർമേഷൻ ടെക്നോളജി (മിറ്റ്‌കോ) ഒരു ശാഖക്ക് 5.24 ലക്ഷം രൂപ നിരക്കിൽ സോഫ്റ്റ്‌വെയർ നൽകാമെന്ന് ഏറ്റപ്പോൾ, 17.8 ലക്ഷം രൂപ വീതം ഈടാക്കി ദിനേഷ് ബീഡി സംഘത്തിന് കരാർ നൽകാനുള്ള നീക്കം അഴിമതി ലക്ഷ്യമിട്ടാണ്. ഇതിനെതിരെ ഹൈകോടതി സ്റ്റേ നൽകിയത് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ആചാരലംഘനം നടത്തിയ മുഖ്യമന്ത്രി ഭക്തരുടെ വികാരം വ്രണപ്പെടുത്തുകയാണ്. സ്വർണ മോഷണവും ഫണ്ട് തട്ടിപ്പും നടത്തിയവരെ സർക്കാർ സംരക്ഷിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ പിരിച്ച ഏഴ് കോടിയോളം രൂപയുടെ കണക്ക് കോടതിയിൽ പോലും ബോധിപ്പിച്ചിട്ടില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ പ്രഖ്യാപിച്ച വീടുകളുടെ നിർമാണം പൂർത്തിയാക്കി സമയബന്ധിതമായി കൈമാറുമെന്നും എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നത് പോലെ പൂർത്തിയാകാത്ത വീടുകൾ ഉദ്ഘാടനം ചെയ്യുന്ന രീതി യു.ഡി.എഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെയും (മാർച്ച് 30) മറ്റന്നാളും (മാർച്ച് 31) കേരളത്തിൽ പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 30ന് അടൂരിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് പത്തനംതിട്ട, പുതുപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 3-ാം തീയതി മലബാർ മേഖലയിലായിരിക്കും രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികൾ നടക്കുകയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaKerala Assembly Election 2026
News Summary - Ten years of Left rule were a dark period for Kerala -Ramesh Chennithala
Next Story