10,000 രൂപ രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിന്ന വീടുകൾക്ക്
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച 10,000 രൂപ സഹായം രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുകയോ മണ്ണിടിച്ചിൽമൂലം വീട് വാസയോഗ്യമല്ലാതായി തീരുകയോ ചെയ്ത വീടുകൾക്ക്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നുള്ള 3,800 രൂപക്ക് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 6,200 രൂപയും ചേർത്താണ് തുക നൽകുന്നത്.
പൂർണമായും തകർന്നതോ തീർത്തും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീടുകൾക്ക് നാല് ലക്ഷം രൂപ വീതം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിനുപുറമേ മൂന്നുമുതൽ അഞ്ചുവരെ സെൻറ് സ്ഥലം വാങ്ങാൻ പരമാവധി ആറ് ലക്ഷം രൂപയും നിലവിലുള്ള മാനദണ്ഡപ്രകാരം നൽകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
കാലവർഷക്കെടുതിയിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നഷ്ടപരിഹാരം നൽകും. ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകും.
രേഖകൾ നഷ്ടപ്പെട്ടവർക്ക് കാലതാമസം വരാതെയും ഫീസ് ഈടാക്കാതെയും അവ സമയബന്ധിതമായി നൽകാൻ തദ്ദേശതലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. രേഖകൾ നൽകാൻ സെപ്റ്റംബർ 30വരെ സമയം അനുവദിക്കും.
ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ജില്ലയിൽ ചുമതലയുള്ള മന്ത്രിമാരെയും സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്തി. സെസ്റ്റംബർ മൂന്നുമുതൽ 15 വരെ ഈ അദാലത്തുകൾ നടത്തും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മുതലായവ മൂലം സാരമായി പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
