കോഴിക്കോട് ബീച്ചിലേക്കൊന്നും ആരും വരല്ലേ; റെഡ് അലർട്ടിൽ താൽക്കാലിക വിലക്ക്
text_fieldsകോഴിക്കോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും നാളെ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് ജില്ല കലക്ടർ താൽക്കാലികമായി വിലക്കേർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്.
ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. ജില്ലയിൽ മേയ് 26, 26 തിയതികളിൽ റെഡ് അലർട്ടാണ്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നാൽ അങ്ങോട്ട് മാറി താമസിക്കണം. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും കലക്ടർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

