രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ താല്‍ക്കാലികനിയമനങ്ങള്‍: രമേശ് ചെന്നിത്തലയുടെ നിയമസഭാ ചോദ്യങ്ങൾക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ സര്‍ക്കാര്‍ നടത്തിയ താല്‍ക്കാലിക പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചു മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും കോര്‍പറേഷന്‍, ബോര്‍ഡ്, കമ്പനി, സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനങ്ങള്‍, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴിയല്ലാതെ നടത്തിയ കരാര്‍-താല്‍കാലിക നിയമനങ്ങളുടെ ഇനം തിരിച്ചുള്ള ലിസ്റ്റ് നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ ചോദ്യത്തിനാണ് ഇതിന്റെ ക്രോഡീകരിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല എന്നു സര്‍ക്കാര്‍ മറുപടി നല്‍കിയത്.
ഈ നിയമനങ്ങളില്‍ സംവരണം പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. ഈ താല്‍ക്കാലിക, കരാര്‍ ജീവനക്കാരില്‍ എത്രപേരെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്ഥിരപ്പെടുത്തി, അതിന്റെ സ്ഥാപനം തിരിച്ചുള്ള വിശദാംശങ്ങള്‍ എന്നിവയ്ക്കും മറുപടിയില്ല.
സംസ്ഥാനത്തെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ പി.എസ്.സി, എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് എന്നിവ വഴിയല്ലാതെ നടത്തിയ നിയമനങ്ങളുടെ വിവരം, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത, അഭിമുഖത്തിന്റെ മാര്‍ക്ക് തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതിലും ഇത്തരം വിവരങ്ങള്‍ ഒന്നും ലഭ്യമല്ല എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്.
അടുത്ത കാലത്ത് നാഷണല്‍ എംപ്‌ളോയ്‌മെന്റ് സര്‍വീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ കേരളത്തിലെ താല്‍ക്കാലിക ഒഴിവുകളില്‍ മൂന്നിലൊന്നു മാത്രമാണ് എംപ്‌ളോയ്‌മെന്റെ എക്‌സേഞ്ച് വഴി നല്‍കുന്നത് എന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ പ്രതിവര്‍ഷം ഏതാണ്ട് 33000 ഒഴിവുകളാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്നത്.
ഇതില്‍ പതിനായിരത്തില്‍ പരം ഒഴിവുകള്‍ മാത്രമാണ് ശരാശരി എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്തിയതായി കണ്ടെത്തിയത്. ബാക്കി 22,000 ഒഴിവുകള്‍ വര്‍ശാവര്‍ഷം പിന്‍വാതിലൂടെ നിയമനം നല്‍കുകയാണ് സര്‍ക്കാര്‍. അങ്ങനെ എട്ട് വർഷത്തിനിടെ 1.8 ലക്ഷം പിൻവാതിൽ നിയമനം നടന്നതായിട്ടാണ് കണക്കുകൾ വഴി വ്യക്തമാകുന്നത്
സംസ്ഥാനത്ത് എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തില്‍പരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഇത്രയും സ്വന്തക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്. സംവരണചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ നിയമനങ്ങള്‍.
കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം ഒഴിവുകള്‍ ഇത്തരത്തില്‍ നല്‍കിയെന്നാണ് നാഷണല്‍ എംപ്‌ളോയ്‌മെന്റ് സര്‍വീസിന്റെ കണ്ടെത്തല്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നയിച്ച ചോദ്യത്തിനാണ് ഉത്തരം നല്‍കാത്തത്.
താല്‍ക്കാലിക നിയമനക്കാര്‍ക്കുള്ള ശമ്പളലും മറ്റ് ആനുകൂല്യങ്ങളും സ്പാര്‍ക്ക് അടക്കമുള്ള ഡേറ്റാ ബേസുകളില്‍ ലഭ്യമായിരിക്കെ, ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിമയസഭയില്‍ സമാജികര്‍ ചോദ്യമുന്നയിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് വിവരം എടുത്ത് കൃത്യമായ ഡേറ്റ അറിയിക്കണമെന്നാണ്.
എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി നിയമസഭയോടും സാമാജികരോടുമുള്ള അവഹേളനമാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വന്നാല്‍ കേരളത്തിലെ യുവജനരോഷം സര്‍ക്കാരിനെതിരെ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടാണ് സര്‍ക്കാര്‍ മറുപടി നല്‍കാതെ ഒളിച്ചോടുന്നത് - ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

