ക്ഷേത്രം വക 75 ലക്ഷത്തിന്റെ സ്പോൺസർഷിപ്പ്; ‘അമ്മ’യിൽ കരാർ വിവാദം
text_fieldsകൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ’അമ്മ’ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലി വിവാദം. കഴിഞ്ഞ ഫെബ്രുവരി 14ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കുടുംബസംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് ദല്ലാൽ നന്ദകുമാർ ട്രസ്റ്റ് ചെയർമാനായ വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ്. നന്ദകുമാറും ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ചേർന്ന് ഉണ്ടാക്കിയ കരാറിനെ അൻസിബ ഹസൻ എതിർത്തതാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം എന്നാണ് പറയുന്നത്.
കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സംഘടന മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഒരു മത സ്ഥാപനത്തിന്റെയും സ്പോൺസർഷിപ്പ് സ്വീകരിക്കരുതെന്നുമായിരുന്നു അൻസിബയുടെ നിലപാട്. ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് ഉറപ്പിക്കാൻ നടപടികളെടുത്തത് ശ്വേത മേനോനാണ്. ‘അമ്മ’ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയായതിനാൽ ആരിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ വാദം. സ്പോൺസർഷിപ്പ് തുകയിൽ 30 ലക്ഷം ക്ഷേത്രം നൽകി. 45 ലക്ഷം ഇനിയും നൽകാനുണ്ട്.
കുടുംബസംഗമ വേദിയിൽ ക്ഷേത്രത്തിന്റെ പരസ്യം വേണ്ടവിധം പ്രദർശിപ്പിച്ചില്ലെന്ന പരാതിയുമായി നന്ദകുമാർ ഉൾപ്പെടെ ക്ഷേത്രം ഭാരവാഹികൾ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ബാക്കി തുക നൽകുന്നത് വൈകാൻ കാരണമെന്നും പറയുന്നു. അതേസമയം, ബാക്കി തുക നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച നടക്കുകയാണെന്നുമാണ് നന്ദകുമാറിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

