Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയ് ശ്രീറാം വിളിക്ക്...

ജയ് ശ്രീറാം വിളിക്ക് പിന്നിൽ വിശ്വാസമല്ല, അധികാരക്കൊതിയാണെന്ന് ടീസ്റ്റ സെറ്റൽവാദ്

text_fields
bookmark_border
ജയ് ശ്രീറാം വിളിക്ക് പിന്നിൽ വിശ്വാസമല്ല, അധികാരക്കൊതിയാണെന്ന് ടീസ്റ്റ സെറ്റൽവാദ്
cancel
camera_alt

ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കേരള ഘടകം പ്രഥമ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം മനുഷ്യാവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ ടീസ്റ്റ സെറ്റൽവാദ് ഏറ്റുവാങ്ങുന്നു. ടി. ആസഫലി, പി.എ. പൗരൻ, പ്രഫ. കെ. അരവിന്ദാക്ഷൻ, സമദ് കുന്നക്കാവ്, ടി.കെ. ഹുസൈൻ, ഒ. അബ്ദുറഹ്​മാൻ, ഫാ. പോൾ തേലക്കാട്ട്​, വയലാർ ഗോപകുമാർ എന്നിവർ സമീപം. 

കൊച്ചി: രാജ്യത്ത് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നവരുടെയുള്ളിൽ വിശ്വാസമല്ല, അധികാരക്കൊതിയാണെന്ന് പ്രമുഖ മനുഷ്യാവകാശ, മാധ്യമപ്രവർത്തകയായ ടീസ്റ്റ സെറ്റൽവാദ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഭരിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രമല്ല, ഭരണഘടനയനുസരിച്ചാണ് രാജ്യം മുന്നോട്ടുപോകേണ്ടത്. ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ തുടങ്ങിയവർക്കെതിരെയെല്ലാം യു.എ.പി.എയുടെ ദുരുപയോഗമുണ്ടാകുന്നു.

കേരളത്തിലും യു.എ.പി.എ ദുരുപയോഗിക്കുന്നുണ്ട്. സത്യത്തോടും പൗരന്മാരുടെ അവകാശങ്ങളോടുമുള്ള അടങ്ങാത്ത പ്രതിബദ്ധതയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരെന്നും ടീസ്റ്റ സെറ്റൽവാദ് കൂട്ടിച്ചേർത്തു. ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി (എഫ്.ഡി.സി.എ) കേരള ഘടകം പ്രഥമ അധ്യക്ഷനായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സ്മരണാർഥം ഏർപ്പെടുത്തിയ നാലാമത് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. മനുഷ്യാവകാശങ്ങളുടെ ശക്തനായ വക്താവും ശബ്ദമില്ലാത്തവരുടെ ശബ്ദവുമായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരെന്ന് പുരസ്കാരം കൈമാറിയ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അനുസ്മരിച്ചു.

സർക്കാർ നിലപാടുകൾക്കനുസരിച്ച് കോടതിവിധികളുണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ഭിന്നിപ്പുണ്ടാക്കും വിധമുള്ള രാജ്യത്തിന്‍റെ പോക്ക് നിരുത്സാഹപ്പെടുത്തണമെന്ന് അധ്യക്ഷത വഹിച്ച എഫ്.ഡി.സി.എ കേരള ചെയർമാൻ പ്രഫ. കെ. അരവിന്ദാക്ഷൻ പറഞ്ഞു. എഫ്.ഡി.സി.എ കേരള ജനറൽ സെക്രട്ടറിയും ‘മാധ്യമം’ ചീഫ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.

അഹിംസക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം, രാജ്യം കണ്ട ഏറ്റവും നല്ല നിയമജ്ഞനായിരുന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ അനുസ്മരണം, അദ്ദേഹത്തിന്‍റെ സ്മരണാർഥമുള്ള പുരസ്കാരം ടീസ്റ്റ സെറ്റൽവാദിന് നൽകുന്നു എന്നീ കാരണങ്ങളാൽ ചടങ്ങ് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ എതിർപ്പുകളെയും വകഞ്ഞുമാറ്റി നീതിക്കായി നിലകൊള്ളുന്ന വ്യക്തിത്വമാണ് ടീസ്റ്റ. ഇന്ത്യയിൽ എല്ലാ മതസ്ഥരും മതമില്ലാത്തവരും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറുകതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. ആസഫ് അലി കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തി. എഫ്.ഡി.സി.എ കേരള വൈസ് ചെയർമാൻ ഫാ. പോൾ തേലക്കാട്ട്, സെക്രട്ടറിമാരായ വയലാർ ഗോപകുമാർ, അഡ്വ. പി.എ. പൗരൻ, സമദ് കുന്നക്കാവ്, പി. അംബിക, കെ.ജി. ജഗദീശൻ, ജിയോ ജോസ് എന്നിവർ സംസാരിച്ചു.

ഓർഗനൈസിങ് സെക്രട്ടറി ടി.കെ. ഹുസൈൻ സ്വാഗതവും ട്രഷറർ സി.എ. നൗഷാദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teesta setalvad
News Summary - Teesta Setalvad says that the reason for calling Jai Shri Ram is not faith, but lust for power
Next Story