കൗമാര ഗർഭധാരണം വർധിക്കുന്നു; ലൈംഗിക വിദ്യാഭ്യാസം നൽകണം -വനിത കമീഷൻ
text_fieldsകോഴിക്കോട്: കൗമാര ഗർഭധാരണം വർധിക്കുകയാണെന്നും ഇതിന് മാറ്റമുണ്ടാകണമെങ്കിൽ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നും വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. ഇത്തരം ആവശ്യങ്ങളെ പലരും വികലമായാണ് എടുക്കുന്നത്.
സ്വന്തം ശരീരത്തെ കുറിച്ചുള്ള അറിവ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകുകയെന്നതാണ് ലൈംഗിക വിദ്യാഭ്യാസംകൊണ്ട് അർഥമാക്കുന്നത്. അമേരിക്കയിലടക്കം ഇത് നേരത്തെ ആരംഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഐ.എൻ.എൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘സ്ത്രീ: വെല്ലുവിളികൾ, മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ നടന്ന വനിത സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.
നീതിന്യായ നിർവഹണം പോലും പലപ്പോഴും സ്ത്രീവിരുദ്ധ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നാഷനൽ വുമൺസ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷ വിനു അധ്യക്ഷതവഹിച്ചു. മഹിള സംഘം ദേശീയ കൗൺസിൽ അംഗം വിമല, സംവിധായികയും ആക്റ്റിവിസ്റ്റുമായ ആയിഷ സുൽത്താന, മാധ്യമപ്രവർത്തക സോഫിയ ബിന്ദ്, ജമീല, മറിയം, ആരിഫ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ സുസൈൻ, സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ തുടങ്ങിയവർ സംബന്ധിച്ചു. നാഷനൽ വുമൺസ് ലീഗ് ജനറൽ സെക്രട്ടറി ഹസീന സ്വാഗതവും വൈസ് പ്രസിഡന്റ് ഒ.ടി. അസ്മ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

