അച്ഛന് കരൾ പകുത്ത് നൽകി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവാനന്ദ
text_fieldsദേവനന്ദ അച്ഛൻ പ്രതീഷിനോടൊപ്പം
17കാരിയായ ദേവാനന്ദ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്. അച്ഛനാണ് പ്ലസ്ടു വിദ്യാർഥിയായ ദേവനന്ദ കരൾ പകുത്ത് നൽകിയത്. തൃശൂർ സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് ദേവനന്ദ. കാലിൽ ഇടക്കിടെ നീര് വരുന്നതായിരുന്നു തൃശൂരിൽ കോഫി ഷോപ്പ് നടത്തിയിരുന്ന 48കാരനായ പി.ജി. പ്രതീഷിന്റെ പ്രധാന പ്രശ്നം. കരളിൽ അർബുദമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഭാര്യ ധന്യയും മക്കളായ ദേവനന്ദയും ആദി നാഥുമടങ്ങുന്നതാണ് പ്രതീഷിന്റെ കുടുംബം. കരളിനായി ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
പരിശോധനക്കായി രാജഗിരി ആശുപത്രിയിൽ വന്നപ്പോൾ തനിക്ക് അച്ഛന് കരൾ നൽകാനാകുമോയെന്ന് ദേവനന്ദ ഡോക്ടറോട് ചോദിച്ചു. നിയമപ്രകാരം ഇന്ത്യയിൽ അവയവം ദാനം ചെയ്യാൻ 18 വയസ് പൂർത്തിയാകണം. എന്നാൽ സമാനമായ മറ്റൊരു കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അവയവദാനത്തിന് കോടതി അനുമതി നൽകിയതായി ദേവനന്ദ കണ്ടെത്തി. എന്നാൽ ആ അവയവ ദാനം നടന്നില്ല. ഈ വാദമുന്നയിച്ചു കോടതിയെ സമീപിച്ചപ്പോൾ വിധി അനുകൂലമായിരുന്നു.
തുടർന്ന് ഒമ്പതാം തീയതി രാജഗിരി ആശുപത്രിയിൽ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി. ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തു. അവയവം ദാനം ചെയ്യുന്നതിനു മുമ്പ് തന്റെ ഡയറ്റിൽ മാറ്റം വരുത്തിയിരുന്നു ദേവനന്ദ. ശരീരഭാരം ക്രമീകരിക്കാൻ അടുത്തുള്ള ജിമ്മിൽ പോയി വ്യായാമവും ചെയ്തു. ഒരാഴ്ചക്കു ശേഷം അച്ഛനും മകളും സന്തോഷത്തോടെ ആശുപത്രി വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

