സാങ്കേതിക സർവകലാശാല: ആറ് സിൻഡിക്കേറ്റംഗങ്ങൾക്ക് തുടരാമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് ഓർഡിനൻസിലൂടെ ഉൾപ്പെടുത്തിയ മുൻ എം.പി പി.കെ. ബിജു ഉൾപ്പെടെ ആറുപേർക്കും തുടരാമെന്ന് വൈസ് ചാൻസലർ ഡോ. സിസ തോമസിനെ സർക്കാർ അറിയിച്ചു. ഓർഡിനൻസിന് പകരം നിയമസഭ ബിൽ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല.
ബില്ലിന് അംഗീകാരമാകാതിരിക്കുകയും ഓർഡിനൻസ് കാലഹരണപ്പെടുകയും ചെയ്തിട്ടും നാമനിർദേശം ചെയ്യപ്പെട്ട ആറുപേർ സിൻഡിക്കേറ്റിൽ തുടരുന്നത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പ്രശ്നത്തിൽ വി.സി സർക്കാറിൽനിന്ന് വ്യക്തത തേടിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ആറുപേർക്കും തുടരാമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വി.സിയെ അറിയിച്ചത്.

