സാേങ്കതിക ആശ്വാസം; സർക്കാറിന് രാഷ്ട്രീയ 'ലൈഫ് ലൈൻ'
text_fieldsതിരുവനന്തപുരം: ലൈഫ് മിഷനിൽ സി.ബി.െഎ അന്വേഷണം സ്റ്റേ ചെയ്ത വിധി സർക്കാറിനും എൽ.ഡി.എഫിനും ആശ്വാസം നൽകുന്നത് സാേങ്കതികാർഥത്തിൽ മാത്രം. പ്രതിപക്ഷ ആരോപണങ്ങളിലും തലങ്ങും വിലങ്ങുമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലും കഴുത്തറ്റം മുങ്ങിയ സി.പി.എമ്മിന് പക്ഷേ, വിധി രാഷ്ട്രീയ 'ലൈഫ് ലൈൻ' ആണ്.
എഫ്.െഎ.ആർ റദ്ദാക്കാൻ കോടതി തയാറായിട്ടില്ല. അന്വേഷണം തന്നെ റദ്ദാക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മാത്രമല്ല, യൂനിടെക്കിനും സന്തോഷ് ഇൗപ്പനുമെതിരായ അന്വേഷണം തുടരാമെന്ന നിർദേശം സർക്കാറിലേക്ക് ഏതു നേരവും എത്താനുള്ള സാധ്യതയും നിലനിർത്തുന്നു.
അന്വേഷണം നിലനിൽക്കുന്നു എന്നു കൂടി വിലയിരുത്തിയാണ് സർക്കാറിന് സന്തോഷിക്കാൻ ഒന്നുമില്ലെന്ന് പ്രതിപക്ഷം വാദിക്കുന്നത്. സി.ബി.െഎ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
പ്രതിസ്ഥാനത്തുള്ള സന്തോഷ് ഇൗപ്പനും സർക്കാറും ഒരുമിച്ചാണ് നിയമപോരാട്ടം നടത്തിയതെന്നത് പ്രതിപക്ഷ ആക്ഷേപത്തിന് ശക്തി പകരും. ലൈഫ് മിഷനിൽ സി.ബി.െഎ ഇടപെടലിനെ ആദ്യം മുതൽ ചോദ്യം ചെയ്തത് മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്.
വിദേശ സംഭാവന ലൈഫ് മിഷൻ വാങ്ങിയിട്ടില്ല, എഫ്.സി.ആർ.െഎ വകുപ്പ് പ്രകാരം മിഷനെ പ്രതിപ്പട്ടികയിൽ ചേർത്തത് ന്യായീകരിക്കാനാവില്ല എന്നീ പരാമർശങ്ങൾ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാൻ ധാരാളമെന്ന വിലയിരുത്തലാണ് സർക്കാറിന്.
രാഷ്ട്രീയ താൽപര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കലാണ് അന്വേഷണമെന്ന വാദം വിധി ന്യായീകരിക്കുന്നെന്നാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും നിലപാട്. അതിനാൽ ഇടക്കാല വിധി ആശ്വാസ വായു തന്നെയാണ് സർക്കാറിന്. പക്ഷേ, യൂനിടാക്കിന് എതിരായ അന്വേഷണം സർക്കാറിലേക്ക് എത്തുമോയെന്ന ആശങ്കയുമുണ്ട്.