Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയമണ്ണിൻ...

പ്രളയമണ്ണിൻ കണ്ണീരാഴം...

text_fields
bookmark_border
പ്രളയമണ്ണിൻ കണ്ണീരാഴം...
cancel
camera_alt

2018 ആ​ഗ​സ്റ്റ് 15ന്​ ​വെ​ള്ള​ത്തൂ​വ​ല്‍ എ​സ് വ​ള​വി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ലം (ഫ​യ​ല്‍ ചി​ത്രം)

സർവത്ര വെള്ളത്താൽ നാട് മുങ്ങിയ 2018ലെ മഹാപ്രളയത്തി‍െൻറ നടുക്കുന്ന ഓർമകൾക്ക് നാല് വയസ്സ് പിന്നിടുന്നു. പ്രളയത്തി‍െൻറ മുറിവുകൾ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇടുക്കിയെ പിടിച്ചുലച്ചു. അമ്പതിലധികംപേർ മരിച്ചു. ചെറുതും വലുതുമായ ഉരുൾപൊട്ടൽ വഴി ആയിരത്തിലധികം പ്രധാന റോഡുകൾ തകർന്നടിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് മാത്രം നഷ്ടം 1000 കോടി. നിരവധി പാലങ്ങളും വീടുകളും ഇല്ലാതായി. ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയി. പ്രളയം വരുത്തിവെച്ച കെടുതികളിൽനിന്ന് ഇനിയും കരകയറാൻ കഴിയാത്ത പ്രദേശങ്ങൾ ജില്ലയിൽ ഏറെയാണ്. പ്രഖ്യാപിച്ച നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജുകളോ പ്രളയാനന്തര പുനർനിർമാണമോ യാഥാർഥ്യമാകാതെപോയത് ആദിവാസി മേഖലകളടക്കമുള്ള ഈ പ്രദേശങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു. ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൂടെ ഒരു അന്വേഷണം...

പ്രളയമുറിവിന്‍റെ പലായനങ്ങൾ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ നാടാണ് വെള്ളത്തൂവല്‍ പഞ്ചായത്തിലെ എസ്. വളവ്. 2018 ആഗസ്റ്റ് 15ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും അഞ്ചുപേർ മരിച്ചു. 20ലേറെ കുടുംബങ്ങളാണ് ദുരന്തത്തിനുശേഷം സര്‍വതും ഉപേക്ഷിച്ച് നാടുവിട്ടത്. ഭൂമിയും വീടും വില്‍പന നടത്തി പോകാമെന്നുവെച്ചാല്‍ വാങ്ങാന്‍ ആരും മുന്നോട്ടുവരില്ല. സൗജന്യമായി നല്‍കാമെന്ന് പറഞ്ഞാൽപോലും ഭൂമി വേണ്ടാത്ത അവസ്ഥ. ഈയൊരു സാഹചര്യത്തിലാണ് ഒരു ആയുസ്സി‍െൻറ വിയർപ്പും അധ്വാനവും ഉപേക്ഷിച്ച് ഇവിടെയുള്ള പലരും മറ്റിടങ്ങളിലേക്ക് ചേക്കേറിയത്.

വിദൂര സ്ഥലങ്ങളിലെ വാടകവീടുകളിലാണ് ഇപ്പോൾ ഇവരുടെ താമസം. ജില്ലയിലെ ആദ്യ കുടിയേറ്റ മേഖലയില്‍ വരുന്ന സ്ഥലമാണ് എസ്. വളവ്. റബറും കുരുമുളകും കൊക്കോയും എന്നുവേണ്ട എല്ലാ കൃഷികളും സമൃദ്ധമായി വിളഞ്ഞിരുന്ന പ്രദേശം. ഒരോ വര്‍ഷവും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ പകച്ചുനിൽക്കാനേ ഇവർക്ക് കഴിഞ്ഞുള്ളൂ. ഒടുവിൽ ജീവന്‍ നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവർ ഏറെ വേദനയോടെ സ്വന്തം ഗ്രാമത്തെ ഉപേക്ഷിച്ചുപോയത്.

സമാന രീതിയില്‍ 1974ലും ഇവിടെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിരുന്നു. അന്നും അഞ്ചുപേരാണ് മരിച്ചത്. 1974 ജൂലൈ 26നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇതും എസ് വളവി‍െൻറ നെഞ്ചകം തകര്‍ത്തിരുന്നു. കീഴ്ക്കാംതൂക്കായ മലഞ്ചരുവില്‍ ഇനിയും പ്രകൃതിദുരന്തങ്ങൾ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും മേഖലയില്‍ താമസിക്കുന്നവര്‍ ഇവിടത്തോട് വിടപറയാൻ കാരണമാണ്. ഇതിനോടുചേര്‍ന്ന് പന്നിയാര്‍കുട്ടിയും ഉരുള്‍പൊട്ടല്‍ വലിയ നാശമാണ് ഉണ്ടാക്കിയത്.

2018 ആഗസ്റ്റ് 17ന് രാവിലെ 11നാണ് പന്നിയാര്‍കുട്ടിക്കുനേരെ എതിര്‍ദിശയിലുള്ള കൂറ്റന്‍ മല നെടുകെ പിളര്‍ന്ന് പന്നിയാര്‍കുട്ടി ടൗണിനെ വിഴുങ്ങിയത്. നിരവധി വ്യാപാരസ്ഥാപനങ്ങളും വീടുകളും ഇവിടെ മണ്ണിനടിയിലായി. എന്നാല്‍, നാട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുതിരപ്പുഴയാറിന് കുറുകെയുള്ള പാലം തകര്‍ന്നതോടെ എല്ലക്കൽ നിവാസികൾക്ക് യാത്രമാര്‍ഗവും നഷ്ടമായി.

പുഴക്ക് കുറുകെ പാലം നിർമാണം ആരംഭിച്ചെങ്കിലും അനന്തമായി നീളുകയാണ്. ഗതികെട്ട നാട്ടുകാര്‍ കാട്ടുകമ്പും മറ്റും ഉപയോഗിച്ച് താൽക്കാലിക സൗകര്യമൊരുക്കിയിട്ടുണ്ട്. അഞ്ചുപേര്‍ മരിച്ച അടിമാലി എട്ട്മുറിയിലെ ദുരന്തവും കൊന്നത്തടി, മാങ്കുളം പഞ്ചായത്തുകളിലെ ദുരന്തങ്ങളും നാടിന് ഇന്നും തീരാനോവായി തുടരുകയാണ്.

'വീ​ട് ഒ​ലി​ച്ചു​പോ​കു​ന്ന​ത്​ ക​ണ്ടു​നി​ല്‍ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ'

മ​ഹാ​പ്ര​ള​യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും നാ​ശ​ന​ഷ്ടം നേ​രി​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് മാ​ങ്കു​ളം. ഉ​രു​ള്‍പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മാ​ങ്കു​ളം പെ​രു​മ്പ​ന്‍കു​ത്ത് പ​ട്ട​രു​മ​ഠ​ത്തി​ല്‍ റോ​യി​ക്ക് ഇ​ന്നും ന​ടു​ക്കു​ന്ന ഓ​ര്‍മ​യാ​ണ്.

വ​ലി​യ ശ​ബ്ദം​കേ​ട്ടാ​ണ് റോ​യി​യും ഭാ​ര്യ ബി​ന്നി​യും വീ​ടി​ന് പു​റ​ത്തെ​ത്തി​യ​ത്. നോ​ക്കു​മ്പോ​ൾ ചു​റ്റും വെ​ള്ളം. ഉ​ട​ന്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പെ​ണ്‍മ​ക്ക​ളെ​യും വി​ളി​ച്ച് പു​റ​ത്തേ​ക്കോ​ടി. മി​നി​റ്റു​ക​ള്‍ക്ക​കം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യ മ​ല​വെ​ള്ളം വീ​ടും കൊ​ണ്ടു​പോ​കു​ന്ന​തു​ക​ണ്ട് നി​ല്‍ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ഉ​ടു​തു​ണി​യ​ല്ലാ​തെ മ​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. അ​ര​യേ​ക്ക​റി​ല​ധി​കം സ്ഥ​ല​വും കൃ​ഷി​യും ഉ​രു​ളെ​ടു​ത്തു. വീ​ടു​വെ​ക്കാ​നു​ള്ള സ​ഹാ​യം സ​ര്‍ക്കാ​റി​ല്‍നി​ന്ന് ല​ഭി​ച്ചെ​ങ്കി​ലും കൃ​ഷി​ഭൂ​മി​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.

-റോയ്

പാലവും റോഡും സ്വപ്‌നമായി കള്ളകുട്ടി ആദിവാസി ഗ്രാമം

പ്രളയം എടുത്ത പാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി കള്ളകുട്ടി ആദിവാസി ഗ്രാമത്തി‍െൻറ കാത്തിരിപ്പ് തുടരുന്നു. പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്നത്.ഇതിനുശേഷം ഈറ്റയും മറ്റും ഉപയോഗിച്ച് തോടിന് ഇരുവശത്തും മരങ്ങളുമായി ബന്ധപ്പെടുത്തി നിര്‍മിച്ച തൂക്കുപാലമാണ് ഇപ്പോള്‍ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം. നല്ലതണ്ണിയാറിന് കുറുകെ ആദിവാസികള്‍ നിര്‍മിച്ച ഈ താൽക്കാലിക ഈറ്റപ്പാലവും ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്.

ന​ല്ല​ത​ണ്ണി​യാ​റി​ന് കു​റു​കെ ആ​ദി​വാ​സി​ക​ള്‍ നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഈ​റ്റ​പ്പാ​ലം

പ്രളയത്തില്‍ ഇവിടെ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് പാലം ഒലിച്ചുപോയതിനുശേഷം ഈറ്റയും കമ്പിയും കയറും ഉപയോഗിച്ച് നാലുതവണ താൽക്കാലിക തൂക്കുപാലം നിർമിച്ചിരുന്നു. 27കുടുംബങ്ങളാണ് കോളനികളിലുള്ളത്.രോഗംവന്നാല്‍ നാലുകിലോമീറ്റര്‍ വനത്തിലൂടെ ചുമന്നുവേണം ആശുപത്രിയിലെത്തിക്കാന്‍. ആനക്കുളത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ അമ്പതാംമൈലില്‍ എത്തിയശേഷം നിബിഡ വനത്തിലൂടെ നാല് കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താൻ.

വഴിയില്‍ പലപ്പോഴും കാട്ടാനകളും കാട്ടുപോത്തുമടക്കം വന്യജീവികൾ ഭീഷണിയാകും. കടുവയും കരടിയും പുലിയും എന്നുവേണ്ട എല്ലാവിധ വന്യജീവികളും ഈ ആദിവാസി കോളനിയോട് ചേര്‍ന്നുണ്ട്.2019ല്‍ റിബിൽഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടേക്ക് റോഡും പുഴക്ക് കുറുകെ പാലവും നിർമിക്കുമെന്ന് ജനപ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ ടെൻഡര്‍ നടപടി പോലും ആകാത്തതിനാല്‍ പാലവും റോഡും സ്വപ്‌നമായി അവശേഷിക്കുകയാണ്.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala flood
News Summary - Tears of flood soil...
Next Story