ടീം വി.ഡി.എഫ്! ഒടുവിൽ ജനവികാരത്തിൽ പുതിയ സർക്കാർ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: ഒരേസമയം വിജയം ആഘോഷിക്കാനോ പരാജയം ചർച്ച ചെയ്യാനോ കഴിയാതെ മുഖ്യമന്ത്രി പ്രതിസന്ധിയിൽ കുടുങ്ങിക്കിടന്ന സംസ്ഥാന രാഷ്ട്രീയത്തിൽ ജനവികാരത്തിന് പരിഗണന നൽകിയ തീരുമാനം വന്നെങ്കിലും ഭരണത്തിന് നേതൃത്വം നൽകേണ്ട കോൺഗ്രസിലെ കലഹത്തിന് പൂർണ വിരാമമായില്ല. അത്ര താൽപര്യമില്ലാതിരുന്നിട്ടും മുഖ്യമന്ത്രിയായി വി.ഡി. സതീശനിലേക്ക് പരമ്പരാഗത രീതി വിട്ട് കോൺഗ്രസ് കേന്ദ്ര നേതൃത്വമെത്തിയത് അടിത്തട്ടിലെ യഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞായിരുന്നു. ജനം കോൺഗ്രസിനെയും തിരുത്തിയെന്ന് പറയാം. 2006ൽ വി.എസ്. അച്യുതാനന്ദന്‍റെ കാര്യത്തിൽ സി.പി.എമ്മിനെ ജനം തിരുത്തിയതിന് ഏറക്കുറെ സമാനമാണിത്.
മുഖ്യമന്ത്രി മത്സരാർഥിയായിരുന്ന രമേശ് ചെന്നിത്തല ഇനിയും വഴങ്ങിയിട്ടില്ല. കെ.സി. വേണുഗോപാലിന്‍റെ ക്യാമ്പിൽ അതൃപ്തി ബാക്കിയാണ്. അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രി വരുമെന്ന് പ്രഖ്യാപിച്ചിട്ട് വന്നത് 11-ാം നാൾ. മൂന്നാം തുടർഭരണത്തിന് അരയും തലയും മുറുക്കിയ ഇടതുപക്ഷത്തെ മലർത്തിയടിച്ച് വെന്നിക്കൊടി പാറിച്ചിട്ടും മുഖ്യമന്ത്രി തീരുമാനം വൈകിയത് യു.ഡി.എഫ് വിജയത്തിന്‍റെ ശോഭ കെടുത്തിത്തുടങ്ങിയിരുന്നു. ഇടതിന്‍റെ കനത്ത പരാജയം ചർച്ച ചെയ്യേണ്ട ഘട്ടത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന ചക്കളത്തിപ്പോരിലേക്ക് അവർ ഒതുങ്ങിയത് ഇടതുപക്ഷത്തിന് കുറച്ചൊന്നുമല്ല ആശ്വാസമായത്. സ്വന്തം ശക്തികേന്ദ്രമായ കണ്ണൂരിലടക്കം നേരിട്ട കനത്ത തിരിച്ചടി പരസ്യ ചർച്ചയിലേക്കും വിഴുപ്പലക്കലിലേക്കും പോകുന്നത് തടയാനും ഇത് സഹായകമായി. വോട്ടെടുപ്പ് കഴിഞ്ഞത് മുതൽ തുടങ്ങിയ മുഖ്യമന്ത്രി പോര് ഫലം വന്നതോടെ സകല സീമകളും ഭേദിച്ച് തെരുവിലേക്ക് നീങ്ങി.
നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുള്ള ഒരാളെ തീരുമാനിക്കുക നേതൃത്വത്തിന് അനായാസമായിരുന്നില്ല. ഭൂരിപക്ഷം കെ.സി.വേണുഗോപാലിനൊപ്പമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശന് അനുകൂലമായിരുന്നു ജനവികാരം. സീനിയർ എന്ന അവകാശവാദം ചെന്നിത്തലക്കും. സംസ്ഥാനത്തെമ്പാടും നടന്ന പ്രകടനങ്ങളാണ് ജനവികാരം അവഗണിച്ച് മുന്നോട്ടുപോയാൽ തിരിച്ചടി നേരിടുമെന്ന ചിന്തയിലേക്ക് നേതൃത്വത്തെ എത്തിച്ചത്. തീരുമാനം വൈകുന്നത് ഭരണമാറ്റത്തിനുവേണ്ടി വോട്ട്ചെയ്ത പാർട്ടിക്കാർക്കും അല്ലാത്തവർക്കും നൽകിയ നിരാശ ചെറുതല്ല. 10 വർഷത്തിന് ശേഷം കൈവന്ന വലിയ വിജയത്തിൽ ആഹ്ലാദിക്കാൻ കഴിയാതെ തങ്ങളുടെ മുഖ്യമന്ത്രി ആരെന്ന് അറിയാനാകാതെ പരിഹാസമേറ്റുവാങ്ങേണ്ട സ്ഥിതിയിലുമായി സാധാരണ പ്രവർത്തകർ. മുഖ്യമന്ത്രി ചർച്ച നീണ്ടതിന്‍റെ അമർഷത്തിലായിരുന്നു കോൺഗ്രസിലെയും ഘടകക്ഷികളിലെയും നേതാക്കൾ.
മുസ്ലിം ലീഗ്, ആർ.എസ്.പി നേതാക്കൾ തീരുമാനം വൈകുന്നതിലെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. സതീശനെ മുഖ്യമന്ത്രി ആക്കണമെന്നായിരുന്നു സാധാരണ പ്രവർത്തകരുടെ വികാരം. നിരീക്ഷകർക്ക് മുന്നിൽ പറഞ്ഞ അഭിപ്രായം പുറത്തുവന്നതിന്‍റെ പേരിൽ തൃക്കരിപ്പൂരിലും വയനാട്ടിലും നിയുക്ത എം.എൽ.എമാർക്ക് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടിവന്നു. കെ.എം. അഭിജിത്തിനെയും ബെന്നി ബഹനാൻ എം.പിയേയും പ്രവർത്തകർ ചോദ്യം ചെയ്യുന്ന സ്ഥിതി വന്നു. ജനകീയനായ ഷാഫി പറമ്പിൽപോലും പ്രവർത്തകരുടെ ക്ഷോഭമറിഞ്ഞു. മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടനും ഘടകകക്ഷികൾക്കെതിരെ എം.എം. ഹസനും നടത്തിയ പരാമർശങ്ങൾ കടുത്ത അതൃപ്തിക്കിടയാക്കി. സമൂഹ മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ പോരാട്ടമാണ് ഈ ദിവസങ്ങളിൽ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും നടത്തിയത്. ഇതിനിടെ സതീശന്‍റെ മുഖ്യമന്ത്രി ആവശ്യത്തെ ലീഗിനോട് ചേർത്തു കെട്ടി വിദ്വേഷ പ്രചാരണങ്ങളും ചില കേന്ദ്രങ്ങൾ നടത്തി. ലീഗ് അഭിപ്രായം പ്രകടിപ്പിച്ചതിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അവസാന ദിനം രംഗത്തുവന്നതും സമ്മർദത്തിന്‍റെ ഭാഗമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വിഷലിപ്തമായ പ്രചാരണങ്ങളാണ് മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് നടന്നത്.
പുതിയ സർക്കാരിനെ ആരു നയിക്കുമെന്ന ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും യു.ഡി.എഫിനെ വിമർശിക്കാൻ ആദ്യമൊന്നും ഇടതുപക്ഷം തയാറായിരുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. പരാജയത്തിന്‍റെ കാഠിന്യത്തിൽ അവർക്ക് അതിന് കഴിഞ്ഞതുമില്ല. ഒടുവിൽ, ഇടത് കൺവീനർ ടി.പി. രാമകൃഷ്ണനാണ് യു.ഡി.എഫ്. ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന വിമർശനവുമായി രംഗത്തു വന്നത്.
ഫലം വന്ന ഉടൻ മുഖ്യമന്ത്രി സാധ്യത മുൻനിർത്തി പൊലീസ് വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടുപേരും അത് തള്ളി പൊലീസ് വാഹനങ്ങൾ തിരിച്ചയച്ചിരുന്നു. മുഖ്യമന്ത്രി ചർച്ച അനന്തമായി നീണ്ടത് ഭരണരംഗത്ത് കടുത്ത പ്രതിസന്ധിക്ക് വഴിവെച്ചു. സ്കൂൾ തുറക്കൽ, പത്താംക്ലാസ് പരീക്ഷഫലം, പാമ്പുകടി വ്യാപകമാകൽ, മഴക്കാല പൂർവ ശുചീകരണം തുടങ്ങിയ പ്രശ്നങ്ങളിലൊക്കെ യഥാസമയം തീരുമാനം എടുക്കാനായില്ല. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് നിർണായകമായ ചില തീരുമാനങ്ങൾ കൈക്കൊണ്ടത്. സത്യപ്രതിജ്ഞ സംബന്ധിച്ച് ഗവർണർ പൊതുഭരണ വകുപ്പുമായി ആശയ വിനിമയം നടത്തിയപ്പോഴും കൃത്യമായ ധാരണ അവർക്കുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

