നിയമനാംഗീകാരമില്ലെന്ന് അധ്യാപകർ; എ.ഇ.ഒ ഓഫിസിൽ നേരിട്ടെത്തി മന്ത്രി
text_fieldsകണ്ണൂർ: നിയമനാംഗീകാരം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി മൂന്ന് അധ്യാപകർ നൽകിയ പരാതിയുടെ നിജസ്ഥിതി അറിയാൻ എ.ഇ.ഒ ഓഫിസിൽ നേരിട്ടെത്തി മന്ത്രി വി. ശിവൻകുട്ടി. വാരം യു.പി സ്കൂളിലെ അധ്യാപകർ നൽകിയ പരാതിയിൽ കണ്ണൂർ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസിലാണ് മന്ത്രിയെത്തിയത്. തിങ്കളാഴ്ച രാവിലെ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെട്ടിട ഉദ്‌ഘാടന ചടങ്ങിനെത്തിയ മന്ത്രിക്ക് ഇ. അഞ്ജു, അർജുൻ സതീഷ്, സി. ശുഭ എന്നീ അധ്യാപകരാണ് പരാതി നൽകിയത്.
ഒമ്പതുവർഷമായി എയ്‌ഡഡ് സ്‌കൂളിൽ ജോലിചെയ്യുന്നുണ്ടെന്നും നിയമനമോ ശമ്പളമോ ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. 2017ലാണ് ശുഭ ജോലിയിൽ പ്രവേശിച്ചത്. അഞ്ജുവും അർജുനും 2018ലും. പരാതി വാങ്ങിയ മന്ത്രി മണിക്കൂറുകൾക്കകം വിഷയം അന്വേഷിക്കാൻ കണ്ണൂരിലെ നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസിലെത്തി. മുന്നറിയിപ്പില്ലാതെ മന്ത്രി എത്തിയതുകണ്ട് ജീവനക്കാർ അമ്പരന്നു. എ.ഇ.ഒ ഇബ്രാഹിംകുട്ടി രയരോത്തിനോട് മന്ത്രി വിവരങ്ങൾ തേടി. ഡി.ഡി.ഇ ഡി. ഷൈനിയെയും മന്ത്രി വിളിച്ചുവരുത്തി. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഓഫിസുമായി പലതവണ ബന്ധപ്പെട്ടെന്നും ഉദ്യോഗസ്ഥർ ഓരോ തവണയും പലന്യായങ്ങൾ പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്നും പരാതി നൽകിയ അധ്യാപകർ പറഞ്ഞു. സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുൾപ്പെടെ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നകാര്യം കൂടി അന്വേഷിക്കുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
‘കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല’
കണ്ണൂർ: കണ്ണൂർ: സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറരുതെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി. അനുകമ്പയുടെ പുറത്താണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന നിലപാട് കണ്ടക്ടർക്കും ഡ്രൈവർക്കും സ്വീകരിക്കാനാവില്ല. കുട്ടികളെ രണ്ടാംതരം പൗരന്മാരായി കാണരുത്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികൾക്ക് സ്കൂൾ ബസിൽ പോകാനാവില്ല. കുട്ടികൾ ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിർത്തണം. മോശമായി പെരുമാറുകയും മറ്റ് യാത്രികരെത്തിയാൽ സീറ്റിൽ നിന്ന് എഴുന്നേൽപിക്കുകയും അരുത്. കൺസഷൻ ഒഴിവാക്കാൻ കഴിയില്ലെന്നും പരാതി ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ അവധി മാറ്റം സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായും ചർച്ച നടക്കുന്നുണ്ട്. പിൻെബഞ്ചുകൾ ഒഴിവാക്കുന്ന കാര്യവും ചർച്ചക്ക് വെച്ചിരിക്കുകയാണ്. പിറകുവശത്ത് ഇരിക്കുന്നവരെ പലപ്പോഴും അധ്യാപകർക്ക് ശ്രദ്ധിക്കാനാവില്ല. ഇതിന് പരിഹാരം കാണണം. തമിഴ്നാട്ടിൽ ഇംഗ്ലീഷ് അക്ഷരം യു ആകൃതിയിൽ ക്ലാസിൽ കുട്ടികളെ ഇരുത്തുന്നുണ്ട്. ഒരു കമ്മിറ്റിയെ നിയോഗിച്ച് ഇക്കാര്യം നടപ്പാക്കാനാവുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

