അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവം: പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിന്മേലുള്ള തുടർനടപടികൾക്ക് ഹൈകോടതിയുടെ സ്റ്റേ. തനിക്കെതിരായ നടപടിനിർദേശം ചോദ്യംചെയ്ത് റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂള്‍ യു.പി വിഭാഗം പ്രധാനാധ്യാപിക അഞ്ജു ഫിലിപ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.
സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, ഡി.ഇ.ഒ, സ്കൂൾ മാനേജർ തുടങ്ങിയവരടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഉത്തരവായ കോടതി രണ്ടാഴ്ചക്കകം വിശദീകരണം നൽകാനും നിർദേശം നൽകി.
സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പളകുടിശ്ശിക വിദ്യാഭ്യാസ ഓഫിസില്‍നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് ഭര്‍ത്താവ് വി.ടി. ഷിജോ കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നാണ് കേസ്.
അധ്യാപികയുടെ ശമ്പളം വൈകിയ കാര്യത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് ഹരജിയിൽ പറയുന്നു. താൻ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കാൻ തുടങ്ങിയത് ഈ വർഷം മേയ് ഒന്നുമുതലാണ്. ലേഖ രവീന്ദ്രന്റെ ശമ്പളവിഷയം 2012 മുതലുള്ളതും വർഷങ്ങളായി ഹൈകോടതിയിൽ കേസ് നിലനിൽക്കുന്നതുമാണ്. ഈ വർഷമാണ് കുടിശ്ശിക നൽകാനുള്ള കോടതിയുടെ ഉത്തരവ് വന്നത്. അധ്യാപികയുടെ ശമ്പളക്കുടിശ്ശിക ബിൽ ആഗസ്റ്റ് അഞ്ചിന് അനുവദിച്ചിരുന്നു.
എന്നാൽ, തന്‍റെ വിശദീകരണംപോലും തേടാതെയാണ് സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മാനേജ്മെന്റിന് ആഗസ്റ്റ് നാലിന് നിർദേശം നൽകിയിരിക്കുന്നതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകുംവരെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

