പാഠഭാഗങ്ങൾ എഴുതിയില്ലെന്ന്; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ച അധ്യാപകൻ അറസ്റ്റിൽ
text_fields(പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ചൂരൽ കൊണ്ട് കൈയിൽ അടിച്ചു പരിക്കേൽപിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടയാറന്മുള എരുമക്കാട് എൽ.പി സ്കൂൾ അധ്യാപകൻ മെഴുവേലി സ്വദേശി ബിനോജ് കുമാറാണ് അറസ്റ്റിലായത്. പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥിനിയോടാണ് അതിക്രമം.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ലാസിൽവെച്ച് എഴുതാൻ നൽകിയ പാഠഭാഗങ്ങൾ എഴുതിയില്ല എന്ന് പറഞ്ഞ് ചൂരലിന് കൈയിൽ അടിക്കുകയായിരുന്നു. കുട്ടി വൈകീട്ട് വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോകുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ദേഹോപദ്രവം ഏൽപിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ജുവൈനൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും ഈ അധ്യാപകൻ കുട്ടിയോട് അതിക്രമം കാട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. അഞ്ചു വർഷമായി ബിനോജ് ഇവിടെ അധ്യാപകനാണ്.

