സവർക്കറെ പുകഴ്ത്തി ചോദ്യം തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിവാദമുണ്ടായ സംഭവത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തു. കുമ്പള ഉപജില്ലയിലെ എ.യു.പി.എസ് പള്ളത്തടുക്കയിലെ അധ്യാപകനായ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ആഗസ്റ്റ് ആറിന് കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തലാണ് ചരിത്രത്തിന്റെ പിൻബലമില്ലാത്ത തെറ്റിദ്ധാരണ പരത്തുന്ന രീതിയുള്ള ചോദ്യം ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കിയത് വളരെ ഗൗരവമുള്ളതാണെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തിയ ചോദ്യം ഉൾപ്പെട്ടത് വിവാദമായ പശ്ചാത്തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ ഫ്രീഡം ക്വിസ് എന്ന പേരിൽ സംഘടിപ്പിച്ച മത്സരം സാമൂഹികശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവർത്തന കലണ്ടറിൽ തീരുമാനിക്കാത്ത പരിപാടിയാണെന്ന് മന്ത്രിയുടെ ഓഫിസ് വാർത്തകുറിപ്പിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി. സവർക്കർ എന്ന പേര് രേഖപ്പെടുത്തിയതാണ് വിവാദമായത്. സംഭവത്തിൽ വിദ്യാർഥി സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് സ്വാതന്ത്ര്യ സമരസേനാനിയെ കുറിച്ചുള്ള ചോദ്യം. മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്.
ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.കെ.എം. അഷ്റഫ് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

