അധ്യാപിക ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന ആൺസുഹൃത്ത് പിടിയിൽ
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയും പാനൂർ സ്വദേശിയുമായ ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ മനേക്കര സ്വദേശിയായ ശരണിനെ വൈകീട്ട് പാനൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.
ആദിത്യ ജീവനൊടുക്കാൻ കാരണം ശരണിന്റെ ക്രൂരമായ മർദനവും മാനസിക പീഡനവുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ജൂൺ എട്ടിന് തലശ്ശേരി ബസ് സ്റ്റാൻഡിൽ വെച്ചാണ് ആദിത്യയെ ശരൺ ക്രൂരമായി മർദിക്കുന്നത്. മർദനത്തെ തുടർന്ന് വലിയ രീതിയിലുള്ള മാനസികാഘാതത്തിലും ശാരീരിക ബുദ്ധിമുട്ടുകളിലുമായിരുന്നു ആദിത്യ. ഞായറാഴ്ചയാണ് ആദിത്യയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ആദിത്യ, ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ആദിത്യയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ആദിത്യയുടെ മാതാവ് പി.പി. ഉദയയുടെ പരാതിയിലാണ് പാനൂർ പൊലീസ് കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവിൽപോയ ശരണിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വൈകിട്ടോടെ ഇയാൾ പിടിയിലാകുന്നത്. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

