ഫെബ്രുവരി മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ ഒരു ദിവസം കെ.എസ്.ആർ.ടി.സിയില്‍ ടി.ഡി.എഫ് പണിമുടക്കും- തമ്പാനൂര്‍ രവി
text_fieldsതിരുവനന്തപുരം: ഫെബ്രുവരി മൂന്നിന് അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ടി.ഡി.എഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി അറിയിച്ചു. ശമ്പളവും പെന്‍ഷനും എല്ലാമാസവും ഒന്നാം തീയതി കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌ക്കരണകരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിതപരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, പുതിയ ബസ്സുകള്‍ ഇറക്കുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക. സ്വിഫ്റ്റ് കമ്പനി കെ.എസ്.ആർ.ടി.സിയില്‍ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസമില്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, എൻ.പി.എസ്, എൻ.ഡി.ആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതതു മാസം അടക്കുകയും ചെയ്യുക, 329 കോടിരൂപയാണ് സര്‍ക്കാർ നല്‍കാനുള്ള അരിയേഴ്‌സ്, സ്വകാര്യവത്കരണം അവസാനിപ്പിക്കുക, സ്വിഫ്റ്റിലേയും കെഎസ്.ആര്‍.ടിസിയിലേയും അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
31 ശതമാനമാണ് ഡി.എ കുടിശ്ശിക, മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 4000ത്തോളം പുതിയ ബസുകള്‍ ഇറക്കിയെങ്കില്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ ആകെ 101 ബസുമാത്രമാണിറക്കിയത്. കഴിഞ്ഞ എട്ടര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുടക്കം കൂടാതെയാണ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത്. കെ.എസ്.ആർ.ടി.സി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടി.ഡി.എഫ് സമരത്തിലേക്ക് പോകുന്നത്. അതിനാല്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

