തലസ്‌ഥാനം മാറ്റണമെന്ന ആവശ്യം നിരുത്തരവാദപരവും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും തുഗ്ലക് മാതൃകയുമെന്ന് ടി.സി.സി.ഐ
text_fieldsതിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം നിരുത്തരവാദപരവും സങ്കുചിതവും തുഗ്ലക് മാതൃകയുമാണെന്നു ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടി.സി.സി.ഐ). തിരുവനന്തപുരത്ത് നിന്ന് സ്ഥാപനങ്ങളും പദ്ധതികളും ഹൈജാക്ക് ചെയ്യാൻ മധ്യകേരളത്തിലെ ഒരു ലോബിയുടെ ഹിഡൻ അജണ്ടയുണ്ടെന്ന വർഷങ്ങളായുള്ള ടി.സി.സി.ഐ നിലപാട് ശരിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നീക്കമെന്നും ചൂണ്ടിക്കാണിച്ചു.
തിരുവിതാംകൂർ കാലഘട്ടം മുതൽ തന്നെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരുവനന്തപുരത്തെ വികസിപ്പിച്ചതാണെന്നും ആ സംവിധാനങ്ങൾ മികച്ച രീതിയിൽ ഇന്നും നിലനിൽക്കുന്നുണ്ടെന്നും പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. സംസ്ഥാന തലസ്ഥാനത്തിന്റെ പ്രാധാന്യവും തന്റെ ആവശ്യങ്ങളുടെ പ്രായോഗികതയും ദൂരവ്യാപക പ്രത്യാഘാതങ്ങളും ഒരു എംപി അറിഞ്ഞിരിക്കണമെന്നും, ഇത്തരം നീക്കങ്ങൾ സംസ്ഥാനത്തിന്റെ ഐക്യവും സന്തുലിതാവസ്ഥയും തകർക്കുകയും ജനങ്ങളെ ഭിന്നിപ്പിച്ചു സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും രഘുചന്ദ്രൻ നായർ പറഞ്ഞു.
ഇന്ത്യയുടെ തലസ്ഥാനം ആകണം എന്ന അവകാശവാദം മുംബൈ ഉന്നയിക്കുകയും തിരുവിതാംകൂർ, കൊച്ചി, മലബാർ സംസ്ഥാനങ്ങൾ പഴയതുപോലെ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടാവുകയുമൊക്കെ ചെയ്‌താൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. തലസ്ഥാനം ഒരു പുതിയ ജില്ലയിലേക്ക് മാറ്റുന്നത് വകുപ്പുകളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതിനും ഭരണപരമായ തകർച്ചയ്ക്കും ഇടയാക്കുമെന്നു ടി.സി.സി.ഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി) പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

