ടി.സി ഹൗസ് ഓർമയാകുന്നു
text_fieldsടി.സി ഹൗസ്
തൃശൂർ: ഒരിക്കൽ നെഹ്റുവിനും കസ്തൂർബ ഗാന്ധിക്കും സരോജിനി നായിഡുവിനുമൊക്കെ ആതിഥ്യമരുളിയ ടി.സി ഹൗസ് ഓർമയാകുന്നു.
ആദ്യകാല കോൺഗ്രസ് നേതാവും സാമൂഹിക പരിഷ്കർത്താവും ദേശീയ പ്രസ്ഥാന വാദിയുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിെൻറയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ വനിത നേതാവായിരുന്ന ടി.സി. കൊച്ചുകുട്ടിയമ്മയുടെയും മുന്നേറ്റങ്ങൾക്ക് രംഗഭൂമിയായ ഇടം. കുറൂർ താമസിച്ചിരുന്ന തൃശൂർ കുറുപ്പം റോഡിലെ തെക്കേ കുറുപ്പത്ത് വീടെന്ന ടി.സി ഹൗസ് ഇന്ന് ആരും നോക്കാനില്ലാതെ വിസ്മൃതിയിലാവുകയാണ്.
ടി.സി ഹൗസ് തൃശൂരിലെത്തിയിരുന്ന അഖിലേന്ത്യ നേതാക്കളുടെ താവളമായിരുന്നു. നെഹ്റു കുടുംബത്തിലെ ഇന്ദിരഗാന്ധി ഉൾപ്പെടെ നേതാക്കൾ ഇവിടെ തങ്ങിയിട്ടുണ്ട്. ഗാന്ധിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന കുറൂരിെൻറ വീട് കസ്തൂർബ ഗാന്ധി സന്ദർശിച്ചിരുന്നു.
മാത്രമല്ല, സരോജിനി നായിഡു, ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. നരിമാൻ, പ്രകാശം തുടങ്ങി പ്രമുഖർ ഈ വീട്ടിൽ തങ്ങിയിരുന്നു. തൃശൂരിലെ നായർ കുടുംബമായ തെക്കേകുറുപ്പത്തെ അമ്മവമ്മയുടെയും തട്ടേക്കാട്ട് ഗോവിന്ദമേനോെൻറയും ഇളയ പുത്രിയായിരുന്നു. ജ്യേഷ്ഠത്തിയുടെ ഭർത്താവ് ഡോ. അമ്പാടി രാമപൊതുവാളിെൻറ സുഹൃത്തായിരുന്ന കുറൂർ, വീട്ടിലെ നിത്യസന്ദർശകനായിരുന്നു.
ഇംഗ്ലീഷ് ബിരുദധാരിയായിരുന്ന കൊച്ചുകുട്ടിയമ്മയെ ഇഷ്ടമാവുകയും 1931 ഏപ്രിൽ രണ്ടിന് വിവാഹിതരാകുകയും ചെയ്തു. കുറൂരിെൻറ പ്രവർത്തനങ്ങൾക്ക് കൊച്ചുകുട്ടിയമ്മ പിന്തുണ നൽകി. മാത്രമല്ല, അധ്യാപികയായിരുന്ന കൊച്ചുകുട്ടിയമ്മ മഹിള മുന്നേറ്റ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു.
തൃശൂരിൽ എത്തിയ ഗാന്ധിയെ നേരിൽ കണ്ട ഓർമയും കുറൂരുമായുള്ള ഗാന്ധിയുടെ ബന്ധവും പലപ്പോഴും കൊച്ചുകുട്ടിയമ്മ പങ്കുവെച്ചിട്ടുണ്ട്. കുറൂർ 1981ൽ മരിക്കുംവരെ ഗാന്ധിയൻ നിലപാടുകളിൽനിന്ന് വ്യതിചലിച്ചില്ല. നഗരഹൃദയത്തിലെ പാതയോരത്ത് പോകാറുള്ളവർ വീട്ടിൽ ടൈപ്പ്റൈറ്ററിൽ സജീവമായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കുറൂരിനെ കാണാറുള്ള കാര്യം പങ്കുവെക്കുന്നുണ്ട്.
1953 മുതൽ കസ്തൂർബ ഗാന്ധി സ്മാരക സമിതിയുടെ സാരഥിയായിരുന്ന കൊച്ചുകുട്ടിയമ്മ, മകൾ ഡോ. ജയ വേണുഗോപാലിെൻറ കൂടെയായിരുന്നു കുറൂരിെൻറ മരണശേഷം ടി.സി ഹൗസിൽ താമസിച്ചുവന്നിരുന്നത്. ഒടുവിൽ അവർ മരിച്ചതോടെ തറവാടിൽ താമസിക്കാനാളില്ലാത്ത അവസ്ഥ വന്നു. ഇപ്പോൾ വീടും സ്ഥലവും കാടുകയറിയ അവസ്ഥയാണ്. കാലപ്പഴക്കം ബാധിച്ചിട്ടുമുണ്ട്. ഏതുസമയത്തും ഓർമയാകാവുന്ന അവസ്ഥയിലാണ് ചരിത്ര സ്മരണകളുറങ്ങുന്ന ടി.സി ഹൗസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

