'പൊള്ളും'; പോക്കറ്റടിച്ച് നികുതിവർധന
text_fieldsതിരുവനന്തപുരം: സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കി പാലുൽപന്നങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും ആശുപത്രി മുറികൾക്കും തിങ്കളാഴ്ച മുതൽ നികുതി വർധിക്കും. ഗതാഗത, വൈദ്യുതി, പാചകവാതക നിരക്ക് വർധന ജനജീവിതത്തിന്റെ നട്ടെല്ലൊടിക്കുന്നതിനിടെയാണ് പുതിയ പ്രഹരം. മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ പതിച്ചതും ഇല്ലാത്തതുമായ എല്ലാ സാധനങ്ങളെയും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയതോടെ നിത്യോപയോഗ സാധനങ്ങളായ അരിക്കും ധാന്യങ്ങൾക്കുമടക്കം വിലക്കയറ്റം ഉറപ്പായി.
പാലുൽപന്നങ്ങളായ തൈര്, മോര്, ലെസി എന്നിവക്ക് അഞ്ചുശതമാനം വിലവർധനയുണ്ടാവും. പാക്കറ്റിന് മൂന്നുരൂപ വരെ വർധനയുണ്ടായേക്കും. മിൽമയുടെ തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. ബാങ്ക് ചെക്ക് ബുക്കിന് 18 ശതമാനം നികുതി അക്കൗണ്ടിൽനിന്ന് പിടിക്കും. ദിവസം 5000 രൂപക്ക് മുകളിൽ വാടകയുള്ള ആശുപത്രി മുറികൾക്ക് അഞ്ചുശതമാനം നികുതി ഈടാക്കും. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും ഇതോടെ ദിവസ വേതനക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും കിടത്തി ചികിത്സക്ക് ചെലവേറും. ദിവസം 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറി വാടകയിൽ 12 ശതമാനം നികുതിയായിരിക്കും. നിലവിൽ രണ്ടിനും ജി.എസ്.ടി ബാധകമായിരുന്നില്ല.
നേരത്തേ രജിസ്റ്റേർഡ് ബ്രാൻഡുകൾക്കാണു നികുതി ഈടാക്കിയിരുന്നത്. ഇനി മുൻകൂട്ടി പാക്ക് ചെയ്ത സാധനങ്ങൾക്ക് ലേബൽ പതിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നികുതി വരും. ഒരു കിലോ മുതൽ 25 കിലോ/ 25 ലിറ്റർ വരെയുള്ള സാധനങ്ങൾ ലേബൽ ചെയ്ത ബാഗുകളിലും ബ്രാൻഡഡ് ബാഗുകളിലും വിൽക്കുന്നവക്ക് അഞ്ചു ശതമാനം ജി.എസ്.ടി ബാധകമാവും. പാക്ക് ചെയ്ത അരിയടക്കം നിത്യോപയോഗ സാധനങ്ങളും ഇതോടെ നികുതി പരിധിയിലായി. എന്നാൽ, ചില്ലറയായി തൂക്കി വിൽക്കുന്ന സാധനങ്ങൾക്ക് വില വർധിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 'മാധ്യമ'ത്തോടു പറഞ്ഞു.
പ്രാഥമിക വിപണിയിൽനിന്ന് വാങ്ങുന്ന സംസ്കരിക്കാത്ത കാർഷിക ഉൽപന്നങ്ങൾ ഉൾപ്പെടെ 25-50 കിലോക്കു മുകളിൽ വിൽക്കുന്നവയും ജി.എസ്.ടിക്ക് പുറത്താവും. വ്യവസായിക ഉപഭോക്താക്കൾക്കും ഹോട്ടൽ പോലുള്ള സ്ഥാപനങ്ങൾക്ക് വിൽക്കുന്നതും ചില്ലറ വിൽപനക്ക് അല്ലെന്ന് വ്യക്തമാക്കിയിട്ടുള്ളവക്കും ജി.എസ്.ടി ബാധകമായിരിക്കില്ല.
10 ഗ്രാമിനോ 10 എം.എല്ലിനോ താഴെയുള്ളവ നികുതി പരിധിയിൽ വരില്ല. നിരവധി ചില്ലറ വിൽപന പാക്കേജുകൾ ഉൾപ്പെട്ട വലിയ ബോക്സുകൾക്ക് ജി.എസ്.ടി ചുമത്തും. ഇവ നേരിട്ട് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നവ ആയിരിക്കരുത്.കോവിഡ് പ്രതിസന്ധിയോടെ സംസ്ഥാനങ്ങളുടെ നികുതിവരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരമാകട്ടെ കഴിഞ്ഞമാസം മുതൽ കേന്ദ്രം നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ നികുതിവരുമാനം വർധിപ്പിക്കാനുള്ള വളഞ്ഞവഴിയാണ് പുതിയ പരിഷ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

