കേരളത്തിൽ ടാറ്റാ ഗ്രൂപ്പിന്‍റെ കപ്പൽ നിർമാണശാല വരുന്നു; 10,000 കോടി നിക്ഷേപിക്കും
text_fieldsഎ.ഐ ചിത്രം
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി രൂപയുടെ നിക്ഷേപ സന്നദ്ധത അറിയിച്ച് ടാറ്റാ ഗ്രൂപ്പ്. ഇതുസംബന്ധിച്ച് സർക്കാറിന് നിർദേശം ലഭിച്ചതായും ഒരുമാസത്തിനകം ചർച്ച പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബർഗി’ന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. പദ്ധതിക്ക് ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്‍റെ ആദ്യ സംരംഭമാണിതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. എന്നാൽ, കപ്പൽ നിർമാണശാലയുടെ ശേഷി എത്രയെന്നും മറ്റും മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. നിക്ഷേപത്തിന്‍റെ കാര്യം ടാറ്റയും സ്ഥിരീകരിച്ചില്ലെന്നാണ് വിവരം.
സ്വപ്നപദ്ധതിയായ ‘മിഷൻ സമുദ്ര’യുടെ കീഴിൽ എല്ലാ മേഖലയെയും സംയോജിപ്പിച്ച് വൻകിട നിക്ഷേപങ്ങളെ ആകർഷിച്ച് തുറമുഖ വികസന സാധ്യതകൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ വികസനത്തിന് അനുയോജ്യമായ പദ്ധതികൾക്ക് സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ടാറ്റയുടെ വാഗ്ദാനം. വിഴിഞ്ഞം തുറമുഖ ഓഹരി വിൽപന വിവാദമായിരിക്കെയാണ് ടാറ്റാ ഗ്രൂപ്പുമായി കൈകൊടുക്കാനുള്ള സർക്കാർ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

