പാലക്കാട് സ്മാർട്ട് സിറ്റി ഏകോപനത്തിന് കർമസേന; ആഗോള ടെൻഡർ ക്ഷണിക്കും
text_fieldsതിരുവനന്തപുരം: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന്‍റെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ അമ്പിളി എന്നിവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങൾ.
പദ്ധതിക്കായി ആഗോള ടെൻഡർ ക്ഷണിക്കും. പ്രോജക്ട് മാനേജ്മെന്‍റ് കൺസൾട്ടന്‍റിനെയും നിശ്ചയിക്കും. ഇതിന് സമയക്രമം നിശ്ചയിച്ചതായി മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി, വെള്ളം, റോഡ് ഉൾപ്പെടെ ബാഹ്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല നെറ്റ്വർക് പ്ലാനിങ് കമ്മിറ്റി പദ്ധതി തയാറാക്കും. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗൺഷിപ് പദവിയും നൽകും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
വ്യവസായ, വാണിജ്യ, പാർപ്പിട, പൊതുസേവന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് മാസ്റ്റർപ്ലാൻ. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവും സംസ്ഥാനം വഹിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷനെന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.
ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ്, മെഡിസിനൽ കെമിക്കൽസ്, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ, ടെക്സ്റ്റൈൽസ്, നോൺ മെറ്റാലിക്-മിനറൽ പ്രോഡക്റ്റ്സ്, റബർ-പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, സെമി കണ്ടക്റ്ററുകൾ, ഇന്‍റഗ്രേറ്റഡ് സർക്യൂട്ട്, പ്രിന്‍റഡ് സർക്യൂട്ട്, നാനോടെക് ഉൽപന്നങ്ങൾ, ലിക്വിഡ് ക്രിസ്റ്റൽ ഡിവൈസസ്, ഡാറ്റ പ്രോസസിങ് മെഷീൻ, ട്രാൻസ് മിഷൻ ഷാഫ്റ്റുകൾ, പി.വി.സി പൈപ്പ്, ട്യൂബുകൾ, പോളിയുറേത്തിൻ തുടങ്ങി വിവിധ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നുവരും. പ്രാദേശിക-കയറ്റുമതി വിപണികൾ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

