ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിച്ചിട്ട് നാലുമാസം,വിജ്ഞാപനമില്ല
text_fieldsതിരുവനന്തപുരം: ആംബുലൻസുകൾക്ക് താരിഫും നിരക്കും നിശ്ചയിച്ച് ഗതാഗതമന്ത്രി പ്രഖ്യാപനം നടത്തി നാലുമാസം പിന്നിട്ടിട്ടും വിജ്ഞാപനമില്ല.
അനധികൃത സർവിസുകളും അത്യാഹിത ഘട്ടങ്ങളിൽ തോന്നുംപടി നിരക്കുവാങ്ങലുമടക്കം പരാതികൾ വ്യാപകമാകുമ്പോഴും നിയന്ത്രണ നീക്കങ്ങളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി.
അതേ സമയം വിജ്ഞാപനം സംബന്ധിച്ച നടപടികൾ നിയമവകുപ്പിന്റെ പരിശോധനയിലാണെന്നും ഉടൻ ഉത്തരവിറങ്ങുമെന്നുമാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം.
രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിക്കുന്നെന്ന അവകാശവാദത്തോടെ, 2024 സെപ്റ്റംബറിലാണ് മന്ത്രി ഗണേഷ്കുമാർ താരിഫ് പ്രഖ്യാപിച്ചത്. ഗതാഗത കമീഷണർ ഉത്തരവിറക്കുന്നതോടെ, താരിഫ് പ്രാബല്യത്തിൽ വരുമെന്നും വിശദീകരിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവാണ് നീളുന്നത്.
സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ആംബുലൻസുകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചായിരുന്നു താരിഫ്. നിരക്കുകൾ ആംബുലൻസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കൽ, പരാതികൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക വാട്സ്ആപ് നമ്പർ, ആംബുലൻസ് ദുരുപയോഗം തടയുന്നതിന് ഡ്രൈവർമാർക്ക് യൂനിഫോം, ഐ.ഡി കാർഡ് എന്നിങ്ങനെ പ്രഖ്യാപനങ്ങൾ നിരവധിയായിരുന്നു.
താരിഫ് പ്രകാരം എല്ലാ വിഭാഗം ആംബുലൻസുകൾക്കും മിനിമം ചാർജ് പത്ത് രൂപയാണ്. സ്പോട്ടിൽ നിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള ദൂരമാണ് ഈ പരിധിയായി കണക്കാക്കുന്നത്. വെന്റിലേറ്റർ സൗകര്യമുള്ള എ.സി ആംബുലൻസുകളിൽ (ഡി കാറ്റഗറി) ബി.പി.എൽ വിഭാഗങ്ങൾക്ക് ആകെ നിരക്കിന്റെ 20 ശതമാനം ഇളവ് ചെയ്ത് നൽകണം. ഇതിനു പുറമെ, എല്ലാ വിഭാഗം ആംബുലൻസുകളിലും കാൻസർ രോഗികൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കിലോ മീറ്ററിന് രണ്ടു രൂപ കുറവ് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

