‘അധികാരത്തെ അഹങ്കാരമല്ല, സേവനമാക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്‍റെ പ്രതീകം’; നജ്മ തബ്ഷീറക്ക് ആശംസയുമായി താരാ ടോജോ അലക്സ്
text_fieldsകോഴിക്കോട്: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറക്ക് ആശംസയുമായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ താരാ ടോജോ അലക്സ്. അധികാരത്തെ അഹങ്കാരമല്ല, സേവനമാക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന് നജ്മ ഒരു ശക്തമായ പ്രതീകമാണെന്ന് താരാ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയം വെറും പദവിയിലേക്കുള്ള യാത്രയല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒരു ഉത്തരവാദിത്വമാണെന്ന ബോധ്യമാണ് നജ്മയുടെ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നത്. സ്ത്രീകളുടെ ശബ്ദം ശക്തമായി ഉയർത്തിക്കൊണ്ട്, സാധാരണക്കാരുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി ഉറച്ച നിലപാട് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രവർത്തനങ്ങളാണ് നജ്മയെ വിജയത്തിലേക്ക് നയിച്ചതെന്നും താരാ ടോജോ അലക്സ് എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.
താരാ ടോജോ അലക്സിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയ സുഹൃത്ത് നജ്മ തബ്ഷീറ….
സ്ത്രീപക്ഷവും മനുഷ്യപക്ഷവുമായ രാഷ്ട്രീയത്തെ ഉറച്ച വിശ്വാസത്തോടെ ഉയർത്തിപ്പിടിച്ച്, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന ഉത്തരവാദിത്വമേറിയ പദവിയിൽ നജ്മ എത്തിനിൽക്കുന്നത് അത്യന്തം അഭിമാനകരമായ നിമിഷമാണ്.
രാഷ്ട്രീയം വെറും പദവിയിലേക്കുള്ള യാത്രയല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഒരു ഉത്തരവാദിത്വമാണെന്ന ബോധ്യമാണ് നജ്മയുടെ രാഷ്ട്രീയത്തെ വ്യത്യസ്തമാക്കുന്നത്.
സ്ത്രീകളുടെ ശബ്ദം ശക്തമായി ഉയർത്തിക്കൊണ്ട്, സാധാരണക്കാരുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി ഉറച്ച നിലപാട് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രവർത്തനങ്ങളാണ് നജ്മയെ ഈ വിജയത്തിലേക്ക് നയിച്ചത്.
നജ്മയെ വ്യത്യസ്തയാക്കുന്നത് അവളുടെ രാഷ്ട്രീയ നിലപാടുകൾ മാത്രമല്ല. അവയെ കൃത്യതയോടെയും വ്യക്തതയോടെയും അവതരിപ്പിക്കുന്ന ഒരു മികച്ച വാഗ്മിയും എഴുത്തുകാരിയും ചിന്തകയുമാണ്.
നീതിയിലും സത്യസന്ധതയിലും അധിഷ്ഠിതമായ നജ്മയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കൂടുതൽ മാനുഷികവും സമവായപരവും വികസനോന്മുഖവുമായ ദിശയിലേക്ക് മുന്നേറും എന്നുറപ്പുണ്ട്. അധികാരത്തെ അഹങ്കാരമല്ല, സേവനമാക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന് നജ്മ ഒരു ശക്തമായ പ്രതീകമാണ്.
ഈ വിജയം നജ്മയ്ക്ക് മാത്രമല്ല, സ്ത്രീകൾക്കും മനുഷ്യപക്ഷ രാഷ്ട്രീയത്തിൽ പ്രതീക്ഷ വെക്കുന്ന എല്ലാ സാധാരണ മനുഷ്യർക്കും ഉള്ളതാണ്. ഇനിയും ധൈര്യത്തോടെ, കരുണയോടെ, ജനങ്ങളുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് നജ്മ നേതൃത്വം നൽകട്ടെ.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
നജ്മ തബ്ഷീറയ്ക്ക് കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

