‘മുഖ്യമന്ത്രിക്ക് അമേരിക്കൻ ചികിത്സ, പാവപ്പെട്ടവന് മരുന്നും ഉപകരണങ്ങളും ഡോക്ടറുമില്ലാത്ത വൃത്തിഹീനമായ ചികിത്സ’; രൂക്ഷ വിമർശനവുമായി താര ടോജോ അലക്സ്
text_fieldsകോഴിക്കോട്: കേരളത്തിലെ മെഡിക്കൽ കോളജ് ആശുപത്രികളുമായി ബന്ധപ്പട്ട ചികിത്സാ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട അമേരിക്കൻ യാത്രയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താര ടോജോ അലക്സ്. മുഖ്യമന്ത്രിക്ക് അമേരിക്കയിലെ ലോകോത്തര ചികിത്സയും പാവപ്പെട്ടവന് മരുന്നും ഉപകരണങ്ങളും ഡോക്ടറും ഇല്ലാത്ത വൃത്തിഹീനമായ ചികിത്സയുമാണെന്ന് താര ടോജോ അലക്സ് ഫേസ്ബുക്കിൽ കുറിച്ചു.
പണവും പദവിയും പാർട്ടിയും ഒരേ രാജ്യത്തിലെ രണ്ട് പൗരന്മാർക്കുള്ള ചികിത്സ അവകാശത്തെയും മാന്യതയോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തെയും നിർണയിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നും താര ചൂണ്ടിക്കാട്ടുന്നു.
താര ടോജോ അലക്സ് ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേതാക്കൾക്കും അസുഖം വന്നാൽ ലോകത്തിന്റെ ഏത് കോണിലേയ്ക്കും പറന്ന് ലോകോത്തര ആശുപത്രികളിൽ ചികിത്സിക്കാം. അതിൽ ആർക്കും വിരോധം തോന്നേണ്ട കാര്യമില്ല.
പക്ഷേ, നമ്പർവൺ ആരോഗ്യ മേഖല എന്ന് തള്ളുന്ന കേരളത്തിൽ, അതേ രോഗം ഒരു സാധാരണ മനുഷ്യനുണ്ടായാൽ, സർക്കാർ ചിലവിൽ ലോകത്ത് എവിടെയും കൊണ്ടുപോയി ചികിത്സിക്കാനുള്ള സൗകര്യമുണ്ടോ എന്നാണ് ചോദ്യം?
കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഈ പറയുന്ന "ലോകോത്തര ചികിത്സ" ഇവിടെത്തന്നെ ലഭ്യമാവുകയാണെങ്കിൽ, നേതാക്കൾ എവിടെപ്പോയി ചികിത്സിച്ചാലും ജനങ്ങൾക്ക് എന്താ പ്രശ്നം?
ഒന്നുകിൽ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ പരിമിതികൾ സമ്മതിക്കണം, അല്ലെങ്കിൽ തള്ളൽ നിർത്തണം.
മുഖ്യമന്ത്രിക്ക് അമേരിക്കയിലെ ലോകോത്തര ചികിത്സയും..
പാവപ്പെട്ടവന് മരുന്നും ഉപകരണങ്ങളും ഡോക്ടറും ഇല്ലാത്ത, വൃത്തിഹീനമായ.. എപ്പോൾ വേണമെങ്കിലും തലയിലേക്ക് ഇടിഞ്ഞുവീഴാവുന്ന മെഡിക്കൽ കോളേജും.. ഇതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
പണവും പദവിയും പാർട്ടിയും ഒരേ രാജ്യത്തിലെ രണ്ട് പൗരന്മാർക്കുള്ള ചികിത്സാ അവകാശത്തെയും മാന്യതയോടെ ജീവിക്കാനുള്ള മനുഷ്യാവകാശത്തെയും നിർണ്ണയിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഇതൊക്കെ ചോദിച്ചാൽ 'സംസ്ഥാന വിരുദ്ധ' എന്ന ചാപ്പ കുത്തിയാലും ചോദിക്കേണ്ടത് ചോദിച്ചുകൊണ്ടേയിരിക്കും.
അഞ്ചാം തീയതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച വിവാദങ്ങൾക്കിടെ, വിദഗ്ധ ചികിത്സക്കായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. 10 ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം.
മുമ്പും പല തവണ മുഖ്യമന്ത്രി യു.എസിൽ ചികിത്സക്ക് പോയിരുന്നു. തുടർ ചികിത്സയുടെ ഭാഗമായാണ് ഇപ്പോഴത്തെ യു.എസ് സന്ദർശനം. ദുബൈ വഴിയാണ് മുഖ്യമന്ത്രിയുടെ യാത് യു.എസിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസിൽ ചികിത്സക്ക് പോയത്. അന്ന് പേഴ്സനൽ സെക്രട്ടറിയും ഭാര്യ കമലയുമാണ് കൂടെയുണ്ടായിരുന്നത്.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന തരത്തിൽ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ യു.എസ് സന്ദർശനം. നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
അതുണ്ടാക്കിയ വിവാദങ്ങൾ അടങ്ങുന്നതിന് മുമ്പാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത്. തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.
അപകടം നടന്ന കോട്ടയം മെഡിക്കൽ കോളജിൽ സന്ദർശനത്തിനെത്തിയപ്പോൾ വിഷയത്തിൽ മുഖ്യമന്ത്രി കൂടുതലായൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറഞ്ഞില്ലേ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

