ടാർ വില ഇരട്ടിയായി വർധിച്ചു; തദ്ദേശ റോഡ് പ്രവൃത്തികൾ പ്രതിസന്ധിയിലെന്ന് കരാറുകാർ
text_fieldsകോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടാറിന്റെ വില കുത്തനെ ഉയരുകയും ലഭ്യത കുറയുകയും ചെയ്തതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണ പ്രവൃത്തികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കരാറുകാർ. ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് ജില്ലയിലെന്ന്
ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടി. നേരത്തെ 9,000 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ബാരൽ ടാറിന് ഇപ്പോൾ 17,000 രൂപയിലധികം നൽകണം. ഇതിന് പുറമേ ക്വാറി -ക്രഷർ ഉൽപന്നങ്ങളുടെയും നിർമാണത്തിന് ആവശ്യമായ കമ്പിയുടെയും വിലയിലുണ്ടായ വർധനവ് കരാറുകാരുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിരിക്കുകയാണ്.
നിർമാണ സാമഗ്രികളുടെ നിലവിലെ വിപണി വിലയ്ക്കനുസരിച്ച് ഡി.എസ്.ആർ (ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ്സ്) കാലാനുസൃതമായി പരിഷ്കരിക്കുക, പൊതുമരാമത്ത് വകുപ്പിൽ അനുവദിച്ചിട്ടുള്ളതുപോലെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പ്രവൃത്തികളിലും ടാറിന്റെ വിലവ്യതിയാനത്തിനുള്ള ആനുകൂല്യം അനുവദിക്കുക, കമ്പിയുൾപ്പെടെ പ്രധാന നിർമാണ സാമഗ്രികളുടെ വിലവർധനവ് പരിഗണിച്ച് കരാറുകാർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതക്ക് പരിഹാരം കാണുക, നിലവിൽ ഏറ്റെടുത്ത പ്രവൃത്തികൾ തടസ്സമില്ലാതെ പൂർത്തീകരിക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.വി. സന്തോഷ് കുമാറും സെക്രട്ടറി വി.പി. ബിജുവും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

