താനൂർ സംഘർഷം; ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsതാനൂർ: കഴിഞ്ഞ ദിവസം താനൂരിൽ ബി.ജെ.പി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാ ലുപേർ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകരായ പനങ്ങാട്ടൂർ മാങ്ങാകുണ്ടിൽ സുരേശൻ (42), കുന്നുംപുറം കുന്നേക്കാട്ട് പ്രേം കിഷോർ (35), എസ്.ഡി.പി.ഐ പ്രവർത്തകരായ പനങ്ങാട്ടൂർ സ്വദേശി നടുവിൽ നാലകത്ത് മൂസാൻ (60), കാരാട് എടോളിപറമ്പിൽ മുനീർ (29) എന്നിവരെയാണ് താനൂർ സി.ഐ എ.എം. സിദ്ദീഖ്, എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസിനെ ആക്രമിക്കൽ, വാഹനം തകർക്കൽ, സംഘർഷം സൃഷ്ടിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് മോദിസർക്കാർ അധികാരം ഏറ്റെടുത്തതിനോടനുബന്ധിച്ച് ബി.ജെ.പി നടത്തിയ ആഹ്ലാദപ്രകടനം താനൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ എത്തിയതോടെ സംഘർഷമുണ്ടായത്. നാല് ബി.ജെ.പി പ്രവർത്തകർക്കും എസ്.ഡി.പി.ഐ പ്രവർത്തകനും പരിക്കേറ്റു. താനൂർ സി.ഐ എ.എം. സിദ്ദീഖിനും ആർ.ആർ ക്യാമ്പിലെ ജിജോയ്, ബിനോയ് എന്നീ പൊലീസുകാർക്കും പരിക്കുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ പ്രണവിെൻറ പരാതിയിലും കേസെടുത്തു.