താനൂരിൽ വാഹനങ്ങൾ തകർത്തത് പൊലീസെന്ന് വീട്ടമ്മമാർ; കുടുംബങ്ങൾ പലായനം ചെയ്യുന്നു
text_fieldsതാനൂർ: ഞായറാഴ്ച രാത്രി താനൂർ തീരദേശ മേഖലയിലുണ്ടായ അക്രമ പരമ്പരകളിൽ പൊലീസിനെതിരെ വ്യാപക പ്രതിഷേധം. പത്ത് മണിയോടെയാരംഭിച്ച സംഘർഷത്തിനുശേഷം സംഭവസ്ഥലത്തെത്തിയ പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് അക്രമത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് തേർവാഴ്ച നടത്തിയതെന്നാണ് പരാതി. ആൽബസാർ, ചാപ്പപ്പടി എന്നിവിടങ്ങളിലാണ് പൊലീസ് അഴിഞ്ഞാടിയത്.
തിങ്കളാഴ്ച പുലർച്ച പൊലീസ് പുരുഷന്മാരെ അന്വേഷിച്ചാണ് വീടുകൾ കയറിയിറങ്ങിയത്. എന്നാൽ, പല വീടുകളിലെയും കുടുംബനാഥന്മാർ വിദേശത്താണ്. അരിശം തീരാതെ പൊലീസുകാർ വാഹനങ്ങൾക്കുനേരെ തിരിയുകയായിരുന്നു. വീടുകളിലും സമീപത്തെ ദേവർ ജുമാമസ്ജിദിന് മുൻവശത്തും നിർത്തിയിട്ട വാഹനങ്ങളാണ് പൊലീസിെൻറ അക്രമത്തിനിരയായത്.
വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ പള്ളിക്ക് മുൻവശമാണ് പല കുടുംബങ്ങളും വാഹനം നിർത്തിയിടുന്നത്. വിദേശത്തുള്ള മകെൻറ പേരിലുള്ള പുതിയ കാറാണ് പൊലീസ് കേടുവരുത്തിയതെന്ന് മാതാവ് കുഞ്ഞിവി പരാതിപ്പെട്ടു. കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് തകർക്കപ്പെട്ടത്. വീടിെൻറ വാതിലുകളും ചില്ലുകളും അടിച്ചുതകർത്തു. വാഹനങ്ങൾ തകർക്കുന്നത് ചോദ്യം ചെയ്തെങ്കിലും പുലഭ്യം പറയുകയായിരുന്നുവെത്ര.
സംഘർഷ സാധ്യതയുള്ള ഈ ഭാഗങ്ങളിൽ ജോലിയുള്ള പൊലീസുകാരുടെ വാഹനങ്ങളും തകർത്ത നിലയിലാണ്. പകൽ സമയങ്ങളിൽ ചായയും വെള്ളവും നൽകുകയും മൊബൈൽ റീചാർജ് ചെയ്തുകൊടുക്കുകയും ചെയ്യുന്ന വീടും പൊലീസ് തകർത്തു. ‘ഞങ്ങൾ സഹായം ചെയ്തുതരുന്നതല്ലേ’യെന്ന് ചോദിച്ചപ്പോൾ, അത് വേറെ പൊലീസാണെന്ന മറുപടിയാണുണ്ടായതെന്ന് വീട്ടുടമസ്ഥ ആമിനമോൾ പറഞ്ഞു. ഇവരുടെ വീടിെൻറ ജനലും മുൻവശത്തെ വാതിലും തകർത്ത നിലയിലാണ്. പാചകവാതക സിലിണ്ടറും പൊലീസ് എടുത്തതായി ഇവർ പരാതിപ്പെട്ടു.
സംഘർഷം കാരണം വിലപിടിപ്പുള്ള വലകൾ, യന്ത്രങ്ങൾ, വാഹനങ്ങൾ എന്നിവ അഗ്നിക്കിരയായി. പല വീടുകളിലും സ്ത്രീകൾ മാത്രമാണ്. പലരും ബന്ധുവീടുകളിലേക്ക് പലായനം ചെയ്തു. തെരഞ്ഞെടുപ്പിനുശേഷം താനൂരിൽ മനഃസമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നില്ലെന്ന് വീട്ടമ്മമാർ ഒന്നടങ്കം പറയുന്നു.
അതേസമയം, പൊലീസിനെതിരെ രൂക്ഷവിമർശനങ്ങളുമായി രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. എന്നാൽ, പൊലീസിെൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും സർക്കാർ നയമല്ല പൊലീസ് നടപ്പാക്കുന്നതെന്നും സി.പി.എം ഏരിയ സെക്രട്ടറി ഇ. ജയൻ പറഞ്ഞു. പൊലീസിെൻറ കൃത്യവിലോപമാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് ലീഗ് പ്രാദേശിക നേതാവ് എം.പി. അശ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.