You are here
താനൂർ കൊലപാതകം: മൂന്നു സി.പി.എം പ്രവർത്തകർ അറസ്റ്റിൽ
കൊല നടത്തിയത് ആറംഗ സംഘമെന്ന് പൊലീസ്
താനൂർ: അഞ്ചുടിയിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കുപ്പെൻറ പുരക്കൽ ഇസ്ഹാഖിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി കുപ്പൻെറ പുരക്കൽ മുഹീസ്, നാലാം പ്രതി വെളിച്ചാൻറവിട മസൂദ്, താഹ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്നുപേരും സി.പി.എം പ്രവർത്തകരാണ്.
ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുൻ സെക്രട്ടറി കെ.പി. ഷംസുവിനെ അക്രമിച്ചതിലെ വൈരാഗ്യം കാരണമാണ് കൊല നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികളെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. മൂന്ന് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ആറു പേരെയാണ് കേസിൽ പോലീസ് പ്രതി ചേർത്തിട്ടുള്ളത്.
ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇതിൽ നാലുപേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. സി.ഐയും എസ്.ഐയും ഉൾപ്പെട്ട പത്തംഗ അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. പ്രതികളിലൊരാൾ വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
നേരത്തെ സി.പി.എം-ലീഗ് സംഘർഷം നിലനിന്ന പ്രദേശം പൂർണമായും സമാധാനത്തിലേക്ക് നീങ്ങിയ ഘട്ടത്തിലുണ്ടായ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. വ്യാഴാഴ്ച രാത്രി 7.15ഒാടെ വീടിനുസമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ഇസ്ഹാഖിനെ ആക്രമിച്ചത്. കൈക്കും കാലുകളിലുമാണ് വെട്ടേറ്റത്. നിലത്തുവീണ ഇസ്ഹാഖിെൻറ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് തീരദേശ മണ്ഡലങ്ങളിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.