താനൂരിനെ കുറിച്ചുള്ള 'പാകിസ്താന്‍ പരാമര്‍ശം'; മന്ത്രി വി.അബ്ദുറഹിമാനെതിരെ പരാതി നല്‍കി യു.ഡി.എഫ്
text_fieldsമലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി യു.ഡി.എഫ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മന്ത്രി നടത്തിയ ഈ 'പാകിസ്ഥാൻ പരാമർശം' ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
'താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ' ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ തന്നെയായിരുന്നു മന്ത്രിയുടെ ഈ വിവാദ പ്രസംഗം.
വി.അബ്ദുറഹ്മാൻ താനൂരിലെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിച്ചെന്നും ബി.ജെ.പി നേതാക്കളുടെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ കുറ്റപ്പെടുത്തി. പ്രസ്താവന ദേശവിരുദ്ധവും വംശീയ അധിക്ഷേപവുമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയും യൂത്ത് ലീഗും രംഗത്തെത്തി. മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകന്‍ ഹനാന്‍ഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു അബ്ദുറഹിമാന്റെ വിവാദ പരാമര്‍ശം. വിവാദം കനത്തതോടെ തന്റെ വാക്കുകളെ മുസ്‌ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. എന്നാൽ, മലപ്പുറത്തെ ഒരു മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചത് വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

