താനൂർ സംഘർഷം: പൊലീസും അഴിഞ്ഞാടിയെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsകോഴിക്കോട്: താനൂർ തീരദേശ മേഖലയിൽ കഴിഞ്ഞ മാസമുണ്ടായ സംഘർഷത്തിൽ െപാലീസും അക്രമികളുടെ റോളിൽ അഴിഞ്ഞാടി നാശനഷ്ടം വരുത്തിയതായി സംസ്ഥാന ന്യൂനപക്ഷ കമീഷൻ. സംഘർഷത്തിൽ പങ്കാളികളാവാത്തവരുടെ വീടുകൾ ആക്രമിച്ച് നാശനഷ്ടം വരുത്തിയ പൊലീസിെൻറ ചെയ്തിയിൽ നടപടിയെടുക്കുന്നതിന് പുറമെ ഇരകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കമീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമീഷൻ ചെയർമാനും റിട്ട. ജഡ്ജിയുമായ പി.കെ. ഹനീഫയും അംഗം അഡ്വ. ബിന്ദു എം. തോമസുമാണ് അന്വേഷണം നടത്തിയത്.
മാർച്ച് 12ന് രാത്രിയാണ് താനൂർ തീരദേശമേഖലയായ കോർമൻ കടപ്പുറം, ചാപ്പപ്പടി, ആൽബസാർ തുടങ്ങിയയിടങ്ങളിൽ മുസ്ലിംലീഗ്-സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. അക്രമത്തിൽ വീടുകൾ, വാഹനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവ ഇരുകൂട്ടരും പരസ്പരം തകർത്തിരുന്നു. പൊലീസിെൻറ ഭാഗത്തുനിന്ന്ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്കെതിരെ അക്രമവും മർദനവും ഉണ്ടായതായി ശ്രദ്ധയിൽെപട്ടതിനെ തുടർന്നാണ് ന്യൂനപക്ഷ കമീഷൻ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്.
പൊലീസ് എത്തിയതിനാൽ അനിഷ്ട സംഭവങ്ങൾ വ്യാപിക്കുന്നത് തടയാനായെങ്കിലും ചില ഭാഗങ്ങളിൽ അവർ അക്രമികളുടെ റോളെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. താനൂർ, ഉൗട്ടുപുറം അഴിമുഖം റോഡിന് ഇരുവശവും താമസിക്കുന്ന ഇരുപതോളം വീടുകളിലേക്ക് എ.ആർ. ക്യാമ്പിൽ നിന്നുള്ള പൊലീസുകാർ അതിക്രമിച്ച് കയറി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയെന്ന് ദൃക്സാക്ഷികളുടെ മൊഴിയിൽനിന്ന് വ്യക്തമാവുന്നതായി റിപ്പോർട്ടിലുണ്ട്. ഇൗ പ്രദേശത്തെ ആരും ലീഗ്-സി.പി.എം പാർട്ടിയിൽപ്പെട്ടവരോ സംഘർഷത്തിൽ പങ്കാളികളോ അല്ല. നിരപരാധികളായ ഇൗ കുടുംബങ്ങൾക്ക് പൊലീസുകാരുടെ പ്രവൃത്തികൊണ്ടുണ്ടായ മുഴുവൻ നാശനഷ്ടവും സർക്കാർ നൽകണം. നഷ്ടം തിട്ടപ്പെടുത്താൻ വിദഗ്ധ സമിതിയെ ഉടൻ നിയോഗിക്കണമെന്നും എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിർധനരും നിരപരാധികളുമായവരുടെ വീടുകളാണ് കൂടുതലും നശിപ്പിക്കപ്പെട്ടത്.
അക്രമങ്ങൾക്ക് കാരണക്കാരായ വ്യക്തികളെ കണ്ടെത്തുന്നതിനും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥെൻറ കീഴിൽ സമർഥരായ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ നിയോഗിക്കണം. സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്നവരിൽ ചിലർ നിരപരാധികളാണെന്നും അക്രമികളിൽ പലരും പിടിയിലായിട്ടില്ലെന്നും അഭിപ്രായം നിലനിൽക്കുന്നുണ്ട്. ഇൗ വസ്തുത കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
