തന്ത്രിയുടെ അറസ്റ്റ് ശബരിമലയിലെ ചടങ്ങുകളെ ബാധിക്കില്ല
text_fieldsപത്തനംതിട്ട: മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തന്ത്രി കണ്ഠരര് രാജീവര് ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായതോടെ അമ്പരപ്പിൽ ശബരിമല. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമലയിലെ തന്ത്രി. അതിനാൽ, ശബരിമലയിലെ പൂജകളെ രാജീവരുടെ അറസ്റ്റ് ബാധിക്കില്ല. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവർ ഓരോ വര്‍ഷം വീതം തന്ത്രിപദവി വഹിക്കുന്നതാണ് രീതി. കണ്ഠരര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠരര് മോഹനരുടെ മകനാണ് നിലവിലെ തന്ത്രി മഹേഷ് മോഹനര്.
അടുത്ത ചിങ്ങം മുതൽ രാജീവരുടെ ഊഴമായിരുന്നു. 1991ൽ പിതാവ് കൃഷ്ണരുടെ മരണത്തോടെയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് താന്ത്രിക ജോലികൾ ഏറ്റെടുത്തത്. പിന്നീട് ജോലിയിൽനിന്ന് സ്വയംവിരമിച്ച് പൂർണമായി പൂജാകർമങ്ങൾ ആരംഭിച്ചു. ഇപ്പോൾ രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്മദത്തനും താന്ത്രികപഠനങ്ങൾ പൂർത്തിയാക്കി പിതാവിന് സഹായിയായി രംഗത്തുണ്ട്. 2024-25 കാലയളവിലാണ് കണ്ഠരര് ബ്രഹ്മദത്തൻ ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികൾ ചെയ്തത്.
നേരത്തേ മൂന്നുവർഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിർന്ന തന്ത്രി കണ്ഠരര് നീലകണ്ഠർക്ക് ആൺമക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശം നഷ്ടമായപ്പോൾ, രാജീവരുടെയും മോഹനരുടെയും കുടുംബങ്ങൾ ഓരോ വർഷവും മാറിമാറി താന്ത്രിക ജോലികൾ ഏറ്റെടുക്കുന്നതായി രീതി.
നേരത്തേയും താഴമൺമഠം വിവാദങ്ങളിൽ നിറഞ്ഞിരുന്നു. വിവാദങ്ങളിൽപെട്ട കണ്ഠരര് മോഹനര് ശബരിമലയിലെ താന്ത്രികജോലികളിൽനിന്ന് അകറ്റി നിർത്തപ്പെട്ടിരിക്കുകയാണ്. ഏറെ ചർച്ചചെയ്യപ്പെട്ട സംഭവത്തിനുശേഷം തന്ത്രിയെ ഒഴിവാക്കാൻ ദേവസ്വം ബോർഡ് താഴമൺ മഠത്തിന് കത്ത് നൽകുകയായിരുന്നു. മോഹനരെ ഒഴിവാക്കിയപ്പോൾ വിശ്രമത്തിലായിരുന്ന അച്ഛൻ മഹേശ്വര് എത്തി താന്ത്രികകർമങ്ങൾ നിർവഹിച്ചു. മുത്തച്ഛന്റെ മരണത്തോടെ മോഹനരുടെ മകൻ മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകൾ ഏറ്റെടുക്കുകയായിരുന്നു.
അടുത്തിടെ ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജി വാഹനവുമായി ബന്ധപ്പെട്ടും കണ്ഠരര് രാജീവർക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വാജി വാഹനം തന്ത്രി അനധികൃതമായി കൈവശപ്പെടുത്തി എന്നാരോപിച്ച് പ്രതിഷേധവും ഉയർന്നിരുന്നു. പിന്നാലെ തന്റെ കൈയിലുള്ള വാജി വാഹനം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് കണ്ഠരര് രാജീവര് കത്ത് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

