ടാങ്കർ ലോറി അപകടം; ചോർന്ന വിമാന ഇന്ധനത്തിന് തീപിടിച്ചു
text_fieldsതാനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോർന്നു. പുലർച്ചെ നാലു മണിയോടെ താനൂർ പ്രിയ ടാക്കീസിന് സമീപമായിരുന്നു അപകടം. 20000 ലിറ്റർ വിമാന ഇന്ധനവുമായി വന്ന ടാങ്കറാണ് മറിഞ്ഞത്.
ഉച്ചയോടെ റോഡിന് സമീപിത്തെ തോട്ടിലേക്ക് ഒഴുകിയ വിമാന ഇന്ധനത്തിന് തീപിടിച്ചു. പ്രദേശവാസികൾ അശ്രദ്ധമായി തീ ഉപയോഗിച്ചതിനെ തുടർന്നാണ് ഇന്ധനത്തിന് തീപിടിച്ചത്. തോടിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കും പൂർണമായി കത്തിനശിച്ചു. ഒരു വീടും ഭാഗികമായി അഗ്നിക്കിരയായി. സംഭവമറിഞ്ഞ വീട്ടുകാർ ഒാടി രക്ഷപ്പെട്ടു. തോട്ടിലൂടെ ഒഴുകിയ ഇന്ധനം അരകിലോമീറ്റർ അകലെ കനോലി കനാൽ വരെ എത്തിയിരുന്നു.
ടാങ്കർ ലോറിയിൽ എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു വിമാന ഇന്ധനം. അപകടത്തിൽ ലോറി ഡ്രൈവർക്കോ ക്ലീനർക്കോ പരിക്കില്ല. പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി ഉയർത്തി.
അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.