തമിഴ്നാട് ഗതാഗത കരാർ നഷ്ടക്കച്ചവടം; കേരളത്തിന് കൈമോശം വന്നത് 2854 കിലോമീറ്റർ
text_fieldsതിരുവനന്തപുരം: തമിഴ്നാട്ടിൽ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സർവിസുകളും ബസുകളുമെന്ന പ്രഖ്യാപനത്തോടെ ഒപ്പുവെച്ച അന്തർസംസ്ഥാന ഗതാഗത കരാർ ഫലത്തിൽ കേരളത്തിന് നഷ്ടക്കച്ചവടം. കരാർ സംബന്ധിച്ച വിശദാംശങ്ങളിലാണ് കെ.എസ്.ആർ.ടി.സിക്ക് പ്രതികൂലവും എന്നാൽ, തമിഴ്നാടിന് അനുകൂലവുമാകുന്ന വ്യവസ്ഥകളുള്ളത്. കേരളത്തിനും തമിഴ്നാടിനും പൊതുവായി ലഭിക്കുന്ന റൂട്ടും കിലോമീറ്ററും വ്യക്തമാക്കിയ ശേഷമുള്ള നിബന്ധനകളിലാണ് ഇക്കാര്യം അക്കമിട്ട് പറയുന്നത്.
പുതിയ കരാറോടെ നിലവിൽ കെ.എസ്.ആർ.ടി.സി തമിഴ്നാട്ടിൽ ഒാടിക്കൊണ്ടിരിക്കുന്ന 13 റൂട്ടുകളിലായുള്ള 2854 കിലോമീറ്റർ കേരളത്തിന് നഷ്ടപ്പെടും (നിബന്ധന-4). എന്നാൽ, തമിഴ്നാടിന് കേരളത്തിൽ നിലവിലുള്ള 25 റൂട്ടുകളിൽ 48.4 കിലോമീറ്റർ പുതിയ കരാറോടെ അധികമായി ലഭിക്കുകയും ചെയ്യും (നിബന്ധന-3). ഫലത്തിൽ നേരത്തേയുള്ള റൂട്ടുകളിൽ കിലോമീറ്ററിൽ കുറവ് വരുത്തിയാണ് ഫെബ്രുവരി 27ന് മന്ത്രി എ.കെ. ശശീന്ദ്രെൻറയും തമിഴ്നാട് ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്കറിെൻറയും സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചതെന്ന് വ്യക്തം.
പൊതുവ്യവസ്ഥയനുസരിച്ച് കേരളത്തിന് എത്രദൂരമാണോ തമിഴ്നാട്ടിൽ സർവിസ് നടത്താൻ അനുവദിക്കുന്നത് അത്രയും ദൂരം തമിഴ്നാട് ബസുകൾക്ക് കേരളത്തിലും ഒാടാം. 1976ൽ ധാരണയായ തമിഴ്നാട്-കേരള കരാറും തുടർന്നുണ്ടായ ആറ് സപ്ലിമെൻററി കരാറുകളിലുമായി (1979, 1984, 1995, 1998, 2008, 2018) 41881.4 കിലോമീറ്ററിനാണ് ഇരു സംസ്ഥാനവും ധാരണയിലായിട്ടുള്ളത്. തമിഴ്നാടിനെ അപേക്ഷിച്ച് വലുപ്പം കുറഞ്ഞ കേരളത്തിന് ഇൗ കരാർ ഗുണകരമാകില്ലെന്നും കെ.എസ്.ആർ.ടി.സിയുടെ കലക്ഷൻ കുറയാൻ ഇടയാക്കുമെന്നും നേരത്തേതന്നെ ആക്ഷേപമുയർന്നിരുന്നു.
തമ്പാനൂരിൽനിന്ന് കന്യാകുമാരിക്ക് നേരിട്ട് ഒാടാമെന്നിരിക്കെ തിരുവനന്തപുരത്തുനിന്ന് യാത്രതുടങ്ങി കെ.എസ്.ആർ.ടി.സിക്ക് ഏറെ കലക്ഷനുള്ള വിഴിഞ്ഞം-കോവളം വഴി കന്യാകുമാരിയിേലക്ക് വളഞ്ഞ് പോകുന്ന തമിഴ്നാട് ബസുകളുള്ള സാഹചര്യത്തിൽ വിശേഷിച്ചും. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാനത്തെ പരമാവധി റൂട്ടുകളിൽ കൂടുതൽ സർവിസുകൾ എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കൂടുതൽ റൂട്ടുകളിൽ തമിഴ്നാട് ബസുകൾക്ക് കൂടി കടന്നുവരാൻ ഇട വരുത്തുന്ന പുതിയ നിബന്ധന.
എല്ലാ വാരാന്ത്യങ്ങളിലും ഇരു ആർ.ടി.സികൾക്കും സ്പെഷൽ സർവിസുകൾ നടത്താനുള്ള അനുമതിയാണ് കരാറിലെ മറ്റൊരു വ്യവസ്ഥ. സാധാരണ ശനി, ഞായർ ദിവസങ്ങളാണ് വാരാന്ത്യ ദിനങ്ങളായി പരിഗണിക്കുന്നത്. എന്നാൽ, പുതിയ കരാറിൽ ‘വെള്ളി മുതൽ തിങ്കൾ വരെ’ എന്ന പുതിയ നിബന്ധനയാണ് ചേർത്തിരിക്കുന്നത്.
ഫലത്തിൽ ആഴ്ചയിൽ നാല് ദിവസങ്ങളിലും തമിഴ്നാട് ബസുകൾക്ക് കേരളത്തിൽ ഒാടാം. ഇവയുടെ എണ്ണമൊന്നും വ്യക്തമല്ല. കെ.എസ്.ആർ.ടി.സിക്കും സമാന രീതിയിൽ ‘വെള്ളി-തിങ്കൾ’ അനുമതിയുണ്ടെങ്കിലും നിലവിലെ ബസ് ക്ഷാമത്തിൽ അധിക സർവിസുകൾ ചിന്തിക്കാനാവില്ല. എന്നാൽ, തമിഴ്നാട് കോർപറേഷന് സ്ഥിതി ഇതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
